ഉത്തരാഖണ്ഡിലെ റിസപ്ഷനിസ്റ്റിന്റെ കൊലപാതകം; ബിജെപി നേതാവിന്റെ മകനടക്കം മൂന്ന് പേര്‍ക്ക് ജീവപര്യന്തം

Update: 2025-05-30 15:53 GMT

ഡെറാഡൂണ്‍: 2022ല്‍ രാജ്യത്തെ ഞെട്ടിച്ച കൊലപാതകമായിരുന്ന ഉത്തരാഖണ്ഡിലെ അങ്കിതാ ഭണ്ഡാരി എന്ന 19കാരിയുടെ കൊലപാതകം. ബിജെപി നേതാവിന്റെ മകനടക്കം ഉന്നതരായിരുന്നു കൊലക്കേസിലെ പ്രതികള്‍. ഇന്ന് ഡെറാഡൂണിലെ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജി പ്രതികളുടെ ശിക്ഷ വിധിച്ചു. മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തമാണ് ശിക്ഷ.ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനായ പുല്‍കിത് ആര്യയാണ് ഒന്നാം പ്രതി. ഇയാളുടെ സുഹൃത്തുക്കളായ സൗരഭ് ഭാസ്‌കര്‍, അങ്കിത് ഗുപ്ത എന്നിവരാണ് മറ്റ് രണ്ട് പ്രതികള്‍.

2022 സെപ്റ്റംബര്‍ 18-നാണ് കേസിന് ആസ്പദമാക്കിയ സംഭവം . പുല്‍കിത് ആര്യയുടെ ഉടമസ്ഥതയിലുള്ള വനന്ത്ര റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റായ അങ്കിത ഭണ്ഡാരിയെ ഇയാളും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നാണ് കേസ്. അങ്കിതിന്റെ സുഹൃത്തുക്കളുടെ മൊഴികളും വാട്‌സാപ്പ് ചാറ്റുകളുമാണ് കേസില്‍ സുപ്രധാന തെളിവുകളായി മാറിയത്. സെപ്റ്റംബര്‍ 18-ാം തിയ്യതി, അങ്കിതയെ കാണാതായ ദിവസം ഇവര്‍ ഹോട്ടലിലെ മറ്റൊരു ജീവനക്കാരനെ ഫോണില്‍ വിളിച്ചിരുന്നതായാണ് റിപോര്‍ട്ട്. കൊല്ലപ്പെടുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് അങ്കിത റിസോര്‍ട്ടിലെ ഷെഫ് ആയ മന്‍വീര്‍ സിങ് ചൗഹാനെ വിളിച്ചത്. റിസോര്‍ട്ടില്‍നിന്ന് തന്റെ ബാഗ് എത്തിക്കണമെന്നായിരുന്നു അങ്കിത ഇദ്ദേഹത്തോട് ആവശ്യപ്പെട്ടത്. എന്നാല്‍, ബാഗുമായി മറ്റൊരു ജീവനക്കാരന്‍ പോയെങ്കിലും അങ്കിതയെ കണ്ടില്ല.

സംഭവദിവസം അങ്കിത ഭണ്ഡാരി, കേസിലെ ഒന്നാംപ്രതിയും റിസോര്‍ട്ട് ഉടമയുമായ പുല്‍കിത് ആര്യ, മറ്റുപ്രതികളായ റിസോര്‍ട്ട് മാനേജര്‍ സൗരഭ് ഭാസ്‌കര്‍, പുല്‍കിത് ഗുപ്ത എന്നിവര്‍ക്കൊപ്പം ഋഷികേശിലേക്ക് പോയിരുന്നു. ഇവിടെനിന്ന് തിരികെ റിസോര്‍ട്ടിലേക്ക് വരുന്നതിനിടെ ചില്ല റോഡില്‍വച്ച് മൂന്ന് യുവാക്കളും മദ്യപിക്കാനായി വാഹനം നിര്‍ത്തി. തുടര്‍ന്ന് അങ്കിത ഇവര്‍ക്കുവേണ്ടി അവിടെ കാത്തിരുന്നു. ഇതിനിടെയാണ് പ്രതികളും യുവതിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായത്.

റിസോര്‍ട്ടിലെത്തുന്ന അതിഥികളുമായി കിടക്ക പങ്കിടാന്‍ പ്രതികള്‍ അങ്കിതയെ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, യുവതി ഇതിനെ എതിര്‍ത്തു. സംഭവദിവസവും ഇതേച്ചൊല്ലിയാണ് വഴക്കുണ്ടായത്. റിസോര്‍ട്ട് കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളില്‍ യുവതി മറ്റുപ്രതികളെ കുറപ്പെടുത്തി. ഇത് പിന്നീട് വഴക്കില്‍ കലാശിച്ചെന്നും പ്രതികള്‍ യുവതിയെ കനാലില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നുമാണ് പോലിസ് പറയുന്നത്.

അങ്കിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില വാട്‌സാപ്പ് ചാറ്റുകളും പോലിസ് കണ്ടെടുത്തിരുന്നു. ഉറ്റസുഹൃത്തായ പുഷ്പിന് അങ്കിത അയച്ച ചില വാട്‌സാപ്പ് സന്ദേശങ്ങളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. റിസോര്‍ട്ട് ഉടമകള്‍ തന്നെ വേശ്യാവൃത്തിക്കായി നിര്‍ബന്ധിക്കുന്നതിനെക്കുറിച്ചാണ് ഈ ചാറ്റുകളില്‍ സൂചിപ്പിച്ചിരുന്നത്.

റിസോര്‍ട്ട് ഉടമയും മാനേജര്‍മാരും അതിഥികള്‍ക്ക് താന്‍ പ്രത്യേകസേവനം നല്‍കണമെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുകയാണെന്നായിരുന്നു അങ്കിതയുടെ വെളിപ്പെടുത്തല്‍. താന്‍ പാവപ്പെട്ട ആളാണെങ്കിലും പതിനായിരം രൂപയ്ക്ക് ശരീരം വില്‍ക്കില്ലെന്നും സുഹൃത്തിന് അയച്ച വാട്‌സാപ്പ് ചാറ്റില്‍ അങ്കിത പറഞ്ഞിരുന്നു. പോലിസിന്റെ അന്വേഷണത്തില്‍ ഏറെ നിര്‍ണായകമായതും ഈ വാട്‌സാപ്പ് ചാറ്റുകളാണ്. അങ്കിതയുടെ മരണശേഷം പുഷ്പ് ഈ വിവരങ്ങള്‍ പോലിസിന് കൈമാറിയിരുന്നു.

സെപ്റ്റംബര്‍ 18-ാം തിയ്യതി മുതലാണ് അങ്കിതയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. തുടര്‍ന്ന് പോലിസ് കേസെടുത്ത് അന്വേഷം ആരംഭിക്കുകയും ദിവസങ്ങള്‍ക്കു ശേഷം ഋഷികേശിലെ ചില്ല പവര്‍ഹൗസിനടുത്ത് കനാലില്‍നിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു. സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ റിസോര്‍ട്ട് ഉടമയായ പുല്‍കിത് ആര്യയെയും മറ്റു രണ്ടുജീവനക്കാരെയും പോലിസ് അറസ്റ്റ് ചെയ്തു.

കൊലക്കേസില്‍ പുല്‍കിതിനെ അറസ്റ്റ് ചെയ്തതോടെ വിനോദ് ആര്യയെയും മറ്റൊരു മകന്‍ അങ്കിത് ആര്യയെയും ബിജെപിയില്‍നിന്ന് പുറത്താക്കിയിരുന്നു. അന്ന് സംസ്ഥാന സര്‍ക്കാരില്‍ വഹിച്ചിരുന്ന കാബിനറ്റ് പദവിയില്‍നിന്നും വിനോദ് ആര്യയെ നീക്കിയിരുന്നു.





Tags: