കങ്കണ റണാവത്തിന് മുംബൈ പോലിസിന്റെ സമന്‍സ്; 26, 27 തീയതികളില്‍ ഹാജരാകണം
മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു.
മുംബൈ: രാജ്യദ്രോഹക്കേസില്‍ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലിക്കും സമന്‍സയച്ച് മുംബൈ പോലിസ്. ഈ മാസം 26, 27 തീയതികളില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. ബോംബെ ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഇരുവര്‍ക്കുമെതിരേ പോലിസ് കേസെടുത്തിരുന്നു.
നടി കങ്കണ ബോളിവുഡിനെ അപകീര്‍ത്തിപ്പെടുത്താനും വര്‍ഗീയ വിഭജനമുണ്ടാക്കാനും ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ഒരു കാസ്റ്റിങ് ഡയറക്ടര്‍ നല്‍കിയ ഹരജി പരിഗണിച്ച കോടതി വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരാകാനുള്ള നിര്‍ദ്ദേശം.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ ട്വീറ്റുകളുടെ പേരില്‍ നടി കങ്കണയും മഹാരാഷ്ട്രയിലെ ഭരണ കക്ഷിയായ ശിവസേനയും തമ്മില്‍ നേരത്തെ കൊമ്പുകോര്‍ത്തിരുന്നു. മുംബൈയിലെ ക്രമസമാധാനം തകര്‍ന്നുവെന്ന് അവര്‍ ആരോപിച്ചിരുന്നു. മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച കങ്കണ തനിക്ക് അവിടെ ജീവിക്കാന്‍ ഭയമാണെന്നും പറഞ്ഞിരുന്നു.