'അര്‍ണബ് കുറ്റാരോപിതനെപ്പോലെ പെരുമാറൂ'; വാദത്തിനിടയില്‍ സംസാരിച്ച റിപബ്ലിക് ടിവി എഡിറ്ററോട് കോടതി
വാദിഭാഗം വക്കീല്‍ വികാസ് നായിക് സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുമ്പോഴുണ്ടായ മുറിവുകള്‍ കാണിക്കാന്‍ അര്‍ണബ് ഡയസിലേക്ക് കയറി.
മുംബൈ: ഇന്റീരിയര്‍ ഡിസൈനര്‍ അന്വയ് നായിക്കിന്റെ ആത്മഹത്യാ പ്രേരണകുറ്റത്തില്‍ അറസ്റ്റിലായ റിപബ്ലിക്ക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ വാദത്തിനിടെ ശാസിച്ച് അലിബഗ് ചിഫ് മജിസ്‌ട്രേറ്റ്. പ്ലാസ്റ്റിക് പാര്‍ട്ടിഷന്‍ മറികടക്കുകയും വാദത്തിനിടയില്‍ കയറി സംസാരിക്കുകയും ചെയ്ത അര്‍ണബിനോട് കോടതി മര്യാദകള്‍ പാലിക്കാനും കുറ്റാരോപിതനെപോലെ പെരുമാറാനും കോടതി ആവശ്യപ്പെട്ടു. അലിബഗ് ചീഫ് മജിസ്‌ട്രേറ്റ് സുനൈന പിങ്കളെയാണ് അര്‍ണബിനെ ശാസിച്ചത്.
വാദിഭാഗം വക്കീല്‍ വികാസ് നായിക് സംസാരിക്കുന്നതിനിടെ കസ്റ്റഡിയിലെടുക്കുമ്പോഴുണ്ടായ മുറിവുകള്‍ കാണിക്കാന്‍ അര്‍ണബ് ഡയസിലേക്ക് കയറി. തുടര്‍ന്ന് ഡയസിലേക്ക് കയറരുതെന്ന് മജിസ്‌ട്രേറ്റ് അര്‍ണബിനെ മുന്നറിയിപ്പ് നല്‍കി. പിന്നീട് സ്വന്തം വക്കീലിന്റെ വാദത്തിനിടെ അര്‍ണബ് കൈവീശുകയും ശബ്ദമുണ്ടാക്കി മുറിവുകളെക്കുറിച്ച് ആവര്‍ത്തിക്കുകയും ചെയ്തു. അതോടെ മജിസ്‌ട്രേറ്റ് രണ്ടാം തവണയും അദ്ദേഹത്തോട് കോടതി മര്യാദ പാലിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മെഡിക്കല്‍ ഓഫീസര്‍ സംസാരിക്കുന്നതിനിടെ വീണ്ടും ഇടപെട്ട അര്‍ണബ് ഡോക്ടര്‍ പറയുന്നത് കള്ളമാണെന്ന് ആരോപിച്ചു.
തുടര്‍ന്ന് വാദത്തിലിടയ്ക്ക് കയറിയാല്‍ അര്‍ണബിനെ കോടതിയ്ക്ക് പുറത്താക്കി വക്കീലിനെ വെച്ച് വാദം തുടരുമെന്ന് മജിസ്‌ട്രേറ്റ് മുന്നറിയിപ്പ് നല്‍കി. ഇതോടെയാണ് അര്‍ണബ് ഗോസ്വാമി നിശബ്ദനായത്. എന്നാല്‍ വിധി പ്രഖ്യാപനത്തിനിടെ കോടതിയ്ക്കകത്തുവെച്ച് ശീതളപാനീയം കുടിക്കാന്‍ അര്‍ണബ് ശ്രമിച്ചു. ഒരു പോലിസുകാരന്‍ ഇടപെട്ട് അര്‍ണബിനോട് കോടതിയ്ക്ക് പുറത്തുപോകാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ കോടതി നടപടികളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ച അര്‍ണബിന്റെ ഭാര്യയേയും മജിസ്‌ട്രേറ്റ് തടഞ്ഞു.