മാസ്ക് ധരിക്കാത്തതിന് മുംബൈ കോർപറേഷൻ പിഴയീടാക്കിയത് 58 കോടി
ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴയിട്ട നഗരമായി മുംബൈ.
മുംബൈ: മാസ്ക് ധരിക്കാത്തവരിൽ നിന്ന് മുംബൈ കോർപറേഷൻ പിഴയായി പിരിച്ചത് 58കോടി രൂപ. ജൂൺ 23 വരെയുള്ള കണക്കനുസരിച്ചാണ് മുംബൈ കോർപറേഷൻ 58,42,99,600 രൂപ പിഴത്തുകയായി ഈടാക്കിയത്. ഇതിൽ മുംബൈ പോലിസും റയിൽവേയും ഈടാക്കിയ പിഴത്തുകയും ഉൾപ്പെടും.
ഇതോടെ രാജ്യത്ത് മാസ്ക് ധരിക്കാത്തതിന് ഏറ്റവും കൂടുതൽ പിഴയിട്ട നഗരമായി മുംബൈ. മാസ്ക് ധരിക്കാത്തവർക്ക് 200 രൂപയാണ് ബ്രിഹൻ മുംബൈ കോർപറേഷൻ പിഴയിടുന്നത്. രാജ്യത്ത് ഏറ്റവും അധികം കൊവിഡ് കേസുകൾ റിപോർട്ട് ചെയ്ത നഗരങ്ങളിലൊന്നായിരുന്നു മുംബൈ. തുടർന്ന് മാസ്ക് ഉൾപ്പെടെ ഇവിടെ കർശനമാക്കുകയും ചെയ്തിരുന്നു.
കൊവിഡിനെ തുടർന്നാണ് രാജ്യത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയത്. കൊവിഡ് മുൻ കരുതൽ നിർദ്ദേശങ്ങളായ മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയവ ലംഘിക്കുന്നവർക്ക് പിഴയും നൽകിയിരുന്നു.