മുംബൈ ഇഡി ഓഫീസ് തീപ്പിടിത്തം; പ്രമുഖ കേസുകളുടെ ഫയലുകള്‍ നഷ്ടപ്പെടാന്‍ സാധ്യത

Update: 2025-04-29 06:49 GMT

മുംബൈ: മുംബൈയിലെ ഇഡി ഓഫീസിലുണ്ടായ തീപ്പിടിത്തത്തില്‍ പ്രമുഖ കേസുകളുടെ ഫയലുകള്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇഡി അധികൃതര്‍. വന്‍തട്ടിപ്പ് നടത്തി രാജ്യംവിട്ട രത്‌നവ്യാപാരികളായ മെഹുല്‍ ചോക്‌സി, നീരവ് മോദി, രാഷ്ട്രീയ നേതാക്കളായ അനില്‍ ദേശ്മുഖ്, ഛഗന്‍ ഭൂജ്ബല്‍ തുടങ്ങിയവരുടെയും കേസ് ഫയലുകള്‍ ഇതിലുള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

തെക്കന്‍ മുംബൈയിലെ ബല്ലാഡ് എസ്റ്റേറ്റിലെ കൈസര്‍-ഐ-ഹിന്ദ് കെട്ടിടത്തിന്റെ നാലാം നിലയിലുള്ള ഇഡി ഓഫിസില്‍ ഞായറാഴ്ച പുലര്‍ച്ചെ തീപ്പിടിത്തമുണ്ടായത്. ഏതൊക്കെ ഫയലുകള്‍ നശിച്ചു എന്നതിനെക്കുറിച്ച് കൃത്യമായ അവലോകനം നടക്കുന്നതേയുള്ളൂ. അതേസമയം, എല്ലാ കേസുകളുടെയും ബാക്ക് ഫയലുകള്‍ ഡിജിറ്റല്‍ രൂപത്തില്‍ സംരക്ഷിച്ചിട്ടുണ്ടെന്നും അതിനാല്‍ കേസന്വേഷണത്തെ ബാധിക്കില്ലെന്നും ഇഡി പറയുന്നു. ഫയലുകള്‍ ഇല്ലാത്തത് കേസന്വേഷണം വൈകിപ്പിക്കാന്‍ കാരണമാകുമെന്നാണ് നിഗമനം. ഡിജിറ്റല്‍ തെളിവുകള്‍കൊണ്ടു മാത്രം എത്രത്തോളം മുന്നോട്ടുപോകാന്‍ കഴിയുമെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ചോദ്യംചെയ്യലും മറ്റും വൈകിയേക്കുമെന്നും സൂചനയുണ്ട്.





Tags: