വിമാനം റാഞ്ചുമെന്ന് ഭീഷണി; മുംബൈ വ്യവസായിക്ക് ജീവപര്യന്തം തടവും 5 കോടി പിഴയും

മുംബൈ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന ബിര്‍ജു സല്ലയ്ക്കാണ് അഹമ്മദാബാദിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജ് കെ എം ദവെ ശിക്ഷ വിധിച്ചത്.

Update: 2019-06-11 13:04 GMT

അഹമ്മദാബാദ്: വിമാനം റാഞ്ചുമെന്ന് വ്യാജഭീഷണി എഴുതിയ വ്യവസായിക്ക് എന്‍ഐഎ കോടതി ജീവപര്യന്തം തടവും അഞ്ചുകോടി രൂപ പിഴയും ശിക്ഷ വിധിച്ചു. മുംബൈ കേന്ദ്രീകരിച്ച് വ്യവസായം നടത്തുന്ന ബിര്‍ജു സല്ലയ്ക്കാണ് അഹമ്മദാബാദിലെ പ്രത്യേക എന്‍ഐഎ കോടതി ജഡ്ജ് കെ എം ദവെ ശിക്ഷ വിധിച്ചത്.

പിഴത്തുകയായ അഞ്ചുകോടി രൂപ അന്ന് വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കുമായി വീതിച്ചുനല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. 2017 ഒക്ടോബര്‍ 30ന് ജെറ്റ് എയര്‍വെയ്‌സിന്റെ മുംബൈ- ഡല്‍ഹി വിമാനത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. വിമാനം ഹൈജാക്ക് ചെയ്യുമെന്ന് ഇംഗ്ലീഷിലും ഉര്‍ദുവിലും കുറിപ്പെഴുതിയ സല്ല, ഇത് ബിസിനസ് ക്ലാസിന് സമീപമുള്ള ശുചിമുറിയിലെ ടിഷ്യൂ പേപ്പര്‍ ബോക്‌സില്‍ നിക്ഷേപിക്കുകയായിരുന്നു.

ജീവനക്കാര്‍ കുറിപ്പ് കണ്ടതോടെ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ കണക്കിലെടുത്ത് വിമാനം അടിയന്തരമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുകയായിരുന്നു. സല്ലയാണ് കുറിപ്പെഴുതിയതെന്ന് തെളിഞ്ഞതോടെ ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ആന്റി ഹൈജാക്കിങ് ആക്ട് 2016ലെ വിവിധ വകുപ്പുകള്‍പ്രകാരം പ്രതിക്കെതിരേ എന്‍ഐഎ ജനുവരി അവസാനം കുറ്റപത്രവും സമര്‍പ്പിച്ചു. ശിക്ഷയ്ക്ക് പുറമെ ഇയാളെ രാജ്യത്തിനകത്തുള്ള വിമാനയാത്രയില്‍നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആന്റി ഹൈജാക്കിങ് ആക്ട് പ്രകാരം വിമാനയാത്ര വിലക്കുന്ന ആദ്യ വ്യക്തിയാണ് സല്ല. വിമാനം റാഞ്ചല്‍ ഭീഷണിയോടെ ജെറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹി സര്‍വീസ് നിര്‍ത്തലാക്കുമെന്നും അതുവഴി ജെറ്റ് എയര്‍വെയ്‌സിന്റെ ഡല്‍ഹി ഓഫിസില്‍ ജോലി ചെയ്യുന്ന കാമുകി മടങ്ങിവരുമെന്നും പ്രതീക്ഷിച്ചാണ് റാഞ്ചല്‍ ഭീഷണിക്കുറിപ്പ് എഴുതിയതെന്നുമാണ് എന്‍ഐയുടെ ചോദ്യംചെയ്യലില്‍ പ്രതി നല്‍കിയ വിശദീകരണം. 

Tags:    

Similar News