കശ്മീരില്‍ ജമാ അത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട 40 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്
ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിയിലെ ചില മുതിര്‍ന്ന അംഗങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്.
ന്യൂഡല്‍ഹി: സായുധര്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി ജമ്മു കശ്മീരിലെ 14 ജില്ലകളിലായി റെയ്ഡ് നടത്തി. ഏതാണ്ട് 40 ഓളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയെന്നാണ് റിപോര്‍ട്ടുകള്‍.
ജമ്മു കശ്മീരിലെ ജമാഅത്തെ ഇസ്‌ലാമിയിലെ ചില മുതിര്‍ന്ന അംഗങ്ങളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിലാണ് തിരച്ചില്‍ നടത്തിയത്. സായുധ പ്രവര്‍ത്തനങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് 2019 ലാണ് ജമ്മുകശ്മീരില്‍ ജമാ അത്തെ ഇസ്‌ലാമി നിരോധിച്ചത്. അതിനുശേഷം സംഘടനയുടെ നേതാക്കളില്‍ പലരും അറസ്റ്റിലായിരുന്നു.
കഴിഞ്ഞ ഒരു മാസത്തിനിടെ എന്‍ഐഎ നടത്തുന്ന മൂന്നാമത്തെ വലിയ ഓപ്പറേഷനാണിത്. കിഷ്ത്വാര്‍, രംബന്‍, അനന്ത്‌നാഗ്, ബുദ്ഗാം, രജൗരി, ദോഡ, ഷോപിയാന്‍ എന്നിവിടങ്ങളിലുടനീളം ജമ്മുകശ്മീര്‍ പോലിസിന്റെയും സിആര്‍പിഎഫിന്റെയും സഹായത്തോടെയാണ് റെയ്ഡുകള്‍ നടത്തിയത്.
നിരോധിത സംഘടനയിലെ അംഗങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുമായി സംഭാവനകള്‍ ശേഖരിക്കുന്നുണ്ട്. എന്നാല്‍ ഈ ഫണ്ടുകള്‍ സായുധ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഉപയോഗിക്കുന്നതെന്ന് എന്‍ഐഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.