വിവാഹ ധനസഹായ പദ്ധതിയിൽ അഴിമതി; അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ

വിദിഷ ജില്ലയിലെ സിറോഞ്ച് ബ്ലോക്കിലാണ് 2019 ഏപ്രിൽ മുതൽ 2021 മെയ് വരെ മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം 5,976 ഗുണഭോക്താക്കൾക്ക് 30 കോടി രൂപ നൽകിയതായി സംസ്ഥാന ധാതു വിഭവശേഷി, തൊഴിൽ മന്ത്രി ബ്രിജേന്ദ്ര പ്രതാപ് സിങ് ബുധനാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്.

Update: 2021-12-23 02:06 GMT

ഭോപ്പാൽ: വിവാഹ ധനസഹായ പദ്ധതിയുടെ പേരിൽ കോടികളുടെ അഴിമതി ആരോപണത്തെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് മധ്യപ്രദേശ് സർക്കാർ. വിദിഷ ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് രണ്ട് വർഷത്തിനിടെ ഏകദേശം 6,000 വിവാഹങ്ങൾക്ക് ഒരു ക്ഷേമ പദ്ധതിക്ക് കീഴിൽ ധനസഹായം നൽകിയതായി വെളിപ്പെടുത്തലുകളെത്തുടർന്നാണ് മധ്യപ്രദേശ് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടത്.

വിദിഷ ജില്ലയിലെ സിറോഞ്ച് ബ്ലോക്കിലാണ് 2019 ഏപ്രിൽ മുതൽ 2021 മെയ് വരെ മുഖ്യമന്ത്രി കന്യാദൻ യോജന പ്രകാരം 5,976 ഗുണഭോക്താക്കൾക്ക് 30 കോടി രൂപ നൽകിയതായി സംസ്ഥാന ധാതു വിഭവശേഷി, തൊഴിൽ മന്ത്രി ബ്രിജേന്ദ്ര പ്രതാപ് സിങ് ബുധനാഴ്ച നിയമസഭയിൽ നൽകിയ മറുപടിയിൽ പറഞ്ഞത്. ഇതേ കാലയളവിൽ സിറോഞ്ച് മുനിസിപ്പൽ ഏരിയ എട്ട് വിവാഹങ്ങൾക്കായി 40.8 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ ലത്തേരി മുനിസിപ്പാലിറ്റി 15 വിവാഹങ്ങൾക്കായി 76.5 ലക്ഷം രൂപ പദ്ധതി പ്രകാരം ചെലവഴിച്ചതായാണ് നിയമസഭയിലെ കണക്കുകൾ‍ പറയുന്നത്.

സാമ്പത്തികമായി ദുർബലരായ കുടുംബങ്ങൾക്ക് അവരുടെ പെൺമക്കളെ വിവാഹം കഴിപ്പിക്കാൻ സഹായം നൽകുന്ന പദ്ധതിയാണ് മുഖ്യമന്ത്രി കന്യാദൻ യോജന. ഈ പദ്ധതി പ്രകാരം കല്യാണത്തിന് ശേഷം നവദമ്പതികൾക്ക് 51,000 രൂപ ധനസഹായമായി നൽകുന്നു. സംസ്ഥാനത്തെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിലാളികളാണ് ഗുണഭോക്താക്കളിൽ ഭൂരിഭാഗവും.

സിറോഞ്ജിൽ നിന്നുള്ള എംഎൽഎയുമായ ഉമാകാന്ത് ശർമ്മയുടെ ചോദ്യത്തിന് മറുപടി പറയവെയാണ് മന്ത്രി ഈ കണക്കുകൾ നൽകിയത്. അഴിമതിക്കാരായ ജീവനക്കാർ ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ "വ്യാജ ഗുണഭോക്താക്കളെ" സൃഷ്ടിച്ചതായി ശർമ്മ ആരോപിച്ചു. കൊവിഡ് കാലയളവിൽ ഒരു ബ്ലോക്കിൽ 6,000 ത്തോളം വിവാഹങ്ങൾ നടത്താനും 30 കോടി രൂപ ചെലവഴിക്കാനും എങ്ങനെ സാധിക്കുമെന്ന് സ്പീക്കർ ഗിരീഷ് ഗൗതവും മന്ത്രിയോട് ചോദിച്ചു.

ഘുതുവ ഗ്രാമത്തിൽ നിന്നുള്ള രണ്ട് ഗുണഭോക്താക്കൾ തങ്ങൾക്ക് മുഴുവൻ തുകയും ലഭിച്ചില്ലെന്ന് പരാതിപ്പെട്ടതിനെ തുടർന്നാണ് അഴിമതിയെക്കുറിച്ച് താൻ ആദ്യം അറിഞ്ഞതെന്ന് ശർമ്മ പറഞ്ഞു. വിദിഷയിലെ ജനപദ് പഞ്ചായത്ത് സിഇഒയാണ് അഴിമതിക്ക് ഉത്തരവാദിയെന്ന് ശർമ്മ ആരോപിച്ചു.