ലോക്ക് ഡൗണ്‍: കാല്‍നട യാത്രയ്ക്കിടെ യുവതി പ്രസവിച്ചു; കുഞ്ഞുമായി നടന്നത് 150 കിലോമീറ്റര്‍

പ്രസവത്തിനു മുമ്പേ യുവതി 70 കിലോമീറ്റര്‍ ദൂരമാണ് നടന്നത്.

Update: 2020-05-13 07:12 GMT

ഭോപ്പാല്‍: ലോക്ക് ഡൗണിനിടെ മഹാരാഷ്ട്രയില്‍നിന്ന് മധ്യപ്രദേശിലേക്ക് കാല്‍നടയായി യാത്രചെയ്ത ഇതരസംസ്ഥാന യുവതി പ്രസവിച്ചത് റോടരികില്‍. ശേഷം കുഞ്ഞുമായി നടന്നത് 150 കിലോമീറ്റര്‍. ശകുന്തളയെന്ന സ്ത്രീയാണ് ഭര്‍ത്താവിനൊപ്പം 16 പേരടങ്ങുന്ന സംഘത്തിന്റെ കൂടെ നാസിക്കില്‍നിന്നും സതനയിലേക്ക് യാത്രചെയ്തത്. പ്രസവത്തിനു മുമ്പേ യുവതി 70 കിലോമീറ്റര്‍ ദൂരമാണ് നടന്നത്.

നാസിക്കില്‍ ജോലിചെയ്തിരുന്ന തങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാരണം ജോലിനഷ്ടപ്പെട്ടതിനാല്‍ സതന ജില്ലയിലെ തന്റെ ഗ്രാമത്തിലേക്ക് പോവുകയായിരുന്നു ഇവര്‍. ബിജാസന്‍ നഗരത്തില്‍ സംഘമെത്തിയപ്പോഴാണ് ചെക്ക്പോസ്റ്റ് ഇന്‍ചാര്‍ജിലുണ്ടായിരുന്ന കവിത കനേഷ് എന്ന പോലിസ് ഉദ്യോഗസ്ഥ കൈക്കുഞ്ഞിനെയും അമ്മയെയും കണ്ടത്. ബിജാസന്‍ പോലിസ് സ്റ്റേഷനില്‍വച്ച് ഈ സംഘത്തിന് ആവശ്യമായ ഭക്ഷണവും ചെരിപ്പുകളും നല്‍കി. ഈ സംഘത്തെ ഗ്രമത്തിലെത്തിക്കാന്‍ അധികൃതര്‍ ഏര്‍പ്പാടാക്കുകയും ചെയ്തു.

ഇത്തരത്തില്‍ നിരവധി ദാരുണസംഭവങ്ങളാണ് രാജ്യത്തെ പല സംസ്ഥാനങ്ങളില്‍ നിന്നായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. യാത്രാസൗകര്യം ലഭ്യമായിട്ടും പല തൊഴിലാളികളും സ്വദേശങ്ങളിലേക്ക് നടന്നുപൊയിക്കൊണ്ടിരിക്കുകയാണ്. ഈ യാത്രയ്ക്കിടെ മരണങ്ങളും സംഭവിക്കുന്നുണ്ട്. ചെറുസംഘങ്ങളായിട്ടാണ് ഇവരുടെ യാത്ര.

Tags: