ദുര്‍മന്ത്രവാദിനി ഉപദേശിച്ചു; രണ്ട് വയസുള്ള മകനെ മാതാവ് കനാലില്‍ എറിഞ്ഞുകൊന്നു
ഫരീദാബാദ്: ദുര്‍മന്ത്രവാദിനിയുടെ വാക്കുകള്‍ വിശ്വസിച്ച് യുവതി രണ്ടു വയസുള്ള മകനെ കനാലില്‍ എറിഞ്ഞു കൊന്നു. കുട്ടി 'ജിന്നാ'ണെന്നും കുടുംബത്തിന് മുഴുവന്‍ ദോഷകരമാവുമെന്നും വിശ്വസിപ്പിച്ചാണ് ദുര്‍മന്ത്രവാദിനി ഇവരെക്കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചത്. വീടിനു സമീപമുള്ള ആഗ്ര കനാലിലേക്ക് ഇവര്‍ കുട്ടിയെ എറിയുന്നതു കണ്ട നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് മുങ്ങല്‍ വിദഗ്ധര്‍ എത്തിയാണ് കുട്ടിയുടെ മൃതദേഹം കരയിലെത്തിച്ചത്.
ഭര്‍ത്താവ് കപില്‍ ലുക്റയുടെ പരാതിയെ തുടര്‍ന്ന് ഫരീദാബാദ് സൈനിക് കോളനിയില്‍ താമസിക്കുന്ന മേഘ ലുക്റയെ പോലിസ് അറസ്റ്റ് ചെയ്തു. ബംഗാള്‍ സ്വദേശിയായ ദുര്‍മന്ത്രവാദിനിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 16 വര്‍ഷം മുമ്പാണ് ഇവര്‍ വിവാഹിതരായത്. മൂത്ത പെണ്‍കുട്ടിക്ക് 14 വയസായി. തന്റെ ഭാര്യയ്ക്ക് ദുര്‍മന്ത്രവാദിനിയായ മിത ഭാട്ടിയയുമായി വര്‍ഷങ്ങളുടെ അടുപ്പമുണ്ടെന്ന് ഭര്‍ത്താവിന്റെ പരാതിയില്‍ പറയുന്നു.
മകന്‍ ജനിച്ചതോടെ ഇവരുടെ ബന്ധം കൂടുതല്‍ ദൃഢമായി. മകന്‍ 'വെള്ളക്കാരന്‍ ജിന്നി'ന്റെ പിടിയിലാണെന്നും കുട്ടി കുടുംബത്തെ നാമാവശേഷമാക്കുമെന്നും ഇവര്‍ മേഘയെ വിശ്വസിപ്പിച്ചു. ഞായറാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ മകനുമായി പുറത്തിറങ്ങിയ മേഘ കനാലിനു സമീപം എത്തിയപ്പോള്‍ കുട്ടിയെ വെള്ളത്തിലേക്ക് എറിയുകയായിരുന്നു.