കൊവിഡിന്റെ രണ്ടാം വരവിൽ ജീവൻ നഷ്‌ടമായത് 269 ഡോക്‌ടർമാർക്ക്

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ച ഡോക്‌ടർമാകരുടെ എണ്ണം ആയിരം പിന്നിട്ടിരിക്കുകയാണ്.

Update: 2021-05-18 06:10 GMT

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് മരണമടഞ്ഞ ഡോക്‌ടർമാരുടെ എണ്ണം 269 ആണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ രണ്ട് മാസംകൊണ്ടാണ് ഇത്രയധികം പേ‌ർക്ക് ജീവൻ നഷ്‌‌ടമായത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ച ഡോക്‌ടർമാകരുടെ എണ്ണം ആയിരം പിന്നിട്ടിരിക്കുകയാണ്. 1017 പേരാണ് ഇതുവരെ മരണമടഞ്ഞവർ. ഒന്നാം തരംഗം കാരണം 748 പേരാണ് രാജ്യത്താകെ മരണമടഞ്ഞത്.

രണ്ടാം തരംഗം ബാധിച്ച് ഏറ്റവുമധികം ഡോക്‌ടർമാർ മരിച്ചത് ബിഹാറിലാണ്, 78പേർ. 37 പേ‌ർ മരിച്ച ഉത്തർപ്രദേശാണ് രണ്ടാമത്. പിന്നിൽ ഡൽഹിയാണ് 28പേർ. രാജ്യത്തെ പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധനും പദ്മശ്രീ ജേതാവുമായ ഡോ.കെ.കെ അഗർവാൾ(62) ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചു. ഐഎംഎയുടെ മുൻ ദേശീയ അദ്ധ്യക്ഷനുമാണ് ഡോ. അഗർവാൾ.

രാജ്യത്ത് അനൗദ്യോഗിക കണക്ക് നോക്കിയാൽ ആകെ 12 ലക്ഷത്തോളം ഡോക്‌ടർമാരുണ്ട്. എന്നാൽ ഐഎംഎയിൽ അംഗങ്ങളായ ഡോക്‌ടർമാരിൽ നിന്നാണ് ആയിരത്തോളം പേർ മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. യഥാർത്ഥ കണക്ക് ഇനിയും കൂടാനാണ് സാധ്യത.

രാജ്യത്തെ ആരോഗ്യപ്രവർത്തകരിൽ 66 ശതമാനം പേർക്ക് മാത്രമേ ഇതുവരെ പൂർണമായും വാക്‌സിൻ നൽകിയിട്ടുള‌ളു. 90 ശതമാനം ആരോഗ്യപ്രവർത്തർകക്ക് ആദ്യ ഡോസ് മാത്രമാണ് വാക്‌സിൻ ലഭിച്ചത്.