പ്രജ്വല്‍ രേവണ്ണ പീഡിപ്പിച്ച 30ലേറെ സ്ത്രീകള്‍ എസ്‌ഐടിയെ സമീപിച്ചു

Update: 2024-05-24 10:09 GMT

ബെംഗളൂരു: ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ ലോക്‌സഭ സ്ഥാനാര്‍ഥിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനുമായ ജെ.ഡി.എസ് എം.പി പ്രജ്വല്‍ രേവണ്ണയുടെ പീഡനത്തിനിരയായ 30ലേറെ പേര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) സമീപിച്ചു. എന്നാല്‍, പീഡനം സംബന്ധിച്ച് പോലിസില്‍ പരാതിപ്പെടാന്‍ ഇരകളാരും തയ്യാറായിട്ടില്ലെന്ന് രേവണ്ണയുടെ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളെ കുറിച്ച് അന്വേഷിക്കാന്‍ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

സംരക്ഷണം ഉറപ്പുനല്‍കിയിട്ടും പരാതി നല്‍കാന്‍ ഇരകള്‍ ഭയപ്പെടുകയാണ്. ഇക്കാര്യത്തില്‍ തുടര്‍നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് എങ്ങനെ മുന്നോട്ടുപോകാമെന്നാണ് എസ്.ഐ.ടി ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇരകള്‍ക്കായി പ്രത്യേക അന്വേഷണ സംഘം ഹെല്‍പ് ലൈന്‍ രൂപവത്കരിച്ചിരുന്നു.

അതിനിടെ, പ്രജ്വല്‍ രേവണ്ണയുടെ മാതാവിന്റെ െ്രെഡവര്‍ അജിത്തിനും എസ്.ഐ.ടി നോട്ടീസ് അയച്ചു. പ്രജ്വല്‍ രേവണ്ണയുടെ പിതാവ് ജെഡി(എസ്) എംഎല്‍എയുമായ എച്ച്ഡി രേവണ്ണ തട്ടിക്കൊണ്ടു പോയ ഇരകളിലൊരാളുടെ വിഡിയോ അജിത്ത് പകര്‍ത്തിയെന്ന ആരോപണത്തിലാണ് ഇയാള്‍ക്കെതിരെ അന്വേഷണം. അജിത്ത് പകര്‍ത്തിയ വീഡിയോയാണ് പിന്നീട് വൈറലായതെന്ന് എസ്.ഐ.ടി വൃത്തങ്ങള്‍ പറഞ്ഞു.

സെക്‌സ് വിഡിയോ കേസില്‍ മുഖ്യപ്രതിയായ ഹാസന്‍ സിറ്റിങ് എം.പി പ്രജ്വല്‍ രേവണ്ണയുടെ നയതന്ത്ര പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടുത്തിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയിരുന്നു.

പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ എഫ്.ഐ.ആറില്‍ ബലാത്സംഗം, ലൈംഗികാതിക്രമം, ഇരകളെ ഭീഷണിപ്പെടുത്തുന്നതിനായി ലൈംഗികാതിക്രമം വിഡിയോയില്‍ പകര്‍ത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. അതിനിടെ, പ്രജ്വല്‍ രേവണ്ണ എവിടെയായിരുന്നാലും ഉടന്‍ മടങ്ങിയെത്തണമെന്നും നിയമനടപടിക്ക് വിധേയനാകണമെന്നും ഒളിവില്‍ കഴിയുന്ന തന്റെ കൊച്ചുമകന് മുന്‍ പ്രധാനമന്ത്രി ദേവഗൗഡ വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.





Tags:    

Similar News