റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് ജാര്‍ഖണ്ഡ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അലംഗീര്‍ ആലമിനെ അറസ്റ്റ് ചെയ്ത് ഇ.ഡി. റാഞ്ചിയിലെ ഇ.ഡി ആസ്ഥാനത്ത് നടന്ന ഒമ്പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കേന്ദ്ര ഏജന്‍സി അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം മൊഴി രേഖപ്പെടുത്താനായി 70കാരനായ ആലമിനോട് ചൊവ്വാഴ്ച റാഞ്ചിയിലെ ഇ.ഡി സോണല്‍ ഓഫീസില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. മെയ് ആറിന് ആലമിന്റെ പേഴ്‌സനല്‍ സെക്രട്ടറി സഞ്ജീവ് ലാലിന്റെ സഹായിയായ ജഹാംഗീര്‍ ആലമിന്റെ വസതി ഇ.ഡി റെയ്ഡ് ചെയ്തിരുന്നു. റെയ്ഡില്‍ 37 കോടി രൂപ കണ്ടെടുത്തെന്ന് അവകാശപ്പെട്ട ഇ.ഡി സഞ്ജീവ് ലാലിനെയും ജഹാംഗീറിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആലംഗീര്‍ ആലമിനെതിരായ നടപടി.
നേരത്തെ, അറസ്റ്റിലായ ജാര്‍ഖണ്ഡ് ഗ്രാമവികസന വകുപ്പ് മുന്‍ ചീഫ് എഞ്ചിനീയര്‍ വീരേന്ദ്ര കെ റാമിനെതിരെ നടക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡുകള്‍. വകുപ്പിലെ ചില പദ്ധതികളുടെ നടത്തിപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു ഇ.ഡി നടപടി.
റെയ്ഡിനിടെ, നിരവധി നോട്ടെണ്ണല്‍ മെഷീനുകളും ജഹാംഗീര്‍ ആലമിന്റെ ഫ്‌ലാറ്റില്‍ നിന്ന് ആഭരണങ്ങളും കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. നിരോധിച്ച 500 രൂപ നോട്ടുകള്‍ ഉള്‍പ്പെടുന്ന കണക്കില്‍പ്പെടാത്ത പണം എണ്ണാനാണ് ഈ മെഷീനുകള്‍ എന്നായിരുന്നു ഇ.ഡി വാദം.
