ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് സേവന മേഖലകള്‍ പൊളിച്ചെഴുതാന്‍ മോദി സര്‍ക്കാര്‍

ഈ മേഖലകളുടെ വിശദ വിവരങ്ങള്‍ പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിങ് ഡിപാര്‍ട്ട്‌മെന്റിന്(ഡിഒപിടി) സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

Update: 2019-09-26 09:50 GMT

ന്യൂഡല്‍ഹി: ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് ഉള്‍പ്പെടെയുള്ള കേന്ദ്ര സര്‍ക്കാര്‍ സേവന മേഖലകളില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കാര്യമായ ഘടനാമാറ്റത്തിനൊരുങ്ങുന്നു. ഈ മേഖലകളുടെ വിശദ വിവരങ്ങള്‍ പേഴ്‌സണല്‍ ആന്റ് ട്രെയ്‌നിങ് ഡിപാര്‍ട്ട്‌മെന്റിന്(ഡിഒപിടി) സമര്‍പ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.

പുതിയ ഭരണപരമായ ആവശ്യങ്ങള്‍ക്ക് അനുസൃതമായി നിലവിലെ സംവിധാനത്തില്‍ 2020 ഏപ്രിലോട് കൂടി കാതലായ മാറ്റം വരുത്തുകയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാനുഷിക വിഭവ ആസൂത്രണവും നയവും രൂപപ്പെടുത്തുന്നതിനു കേന്ദ്ര സര്‍ക്കാരിലെ വിവിധ സര്‍വീസുകള്‍/ കേഡറുകള്‍/ പോസ്റ്റുകള്‍ എന്നിവയുടെ സര്‍വീസ് പ്രൊഫൈല്‍ നല്‍കാനാണ് സപ്തംബര്‍ 17ന് ഡിഒപിടി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പറയുന്നത്. ആഗസ്ത് 30ന് അകം എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും വിശദമായ റിപോര്‍ട്ട് നല്‍കണം.

30 വര്‍ഷത്തിനിടെ ആദ്യമായാണ് നിലവിലുള്ള സര്‍ക്കാര്‍ പോസ്റ്റുകളും സേവനങ്ങളും പൂര്‍ണമായ പരിശോധനയ്ക്ക് വിധേയമാക്കുന്നത്. അനാവശ്യമായ പോസ്റ്റുകള്‍ ഒഴിവാക്കുകയും മാറിയ കാലത്തിന് അനുസരിച്ച് പോസ്റ്റുകള്‍ സൃഷ്ടിക്കുകയുമാണ് ലക്ഷ്യമെന്നാണ് ഡിഒപിടി അധികൃതര്‍ അവകാശപ്പെടുന്നത്. സര്‍വീസുകളുടെ എണ്ണം കുറയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. 

Tags: