പരാജയങ്ങള്‍ മറയ്ക്കാന്‍ മോദി ജനങ്ങളെ ധ്രുവീകരിക്കുന്നു; രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി

Update: 2022-04-28 02:46 GMT

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്കെതിരേ രൂക്ഷവിമര്‍ശനവുമായി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. തന്റെ പരാജയങ്ങള്‍ മറച്ചുവയ്ക്കാനും യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനും ധ്രുവീകരണത്തിലേക്ക് നീങ്ങുകയാണെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്തിന് ബദല്‍ അജണ്ടയുമായി വരും. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം പടര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള കളികള്‍ തുടരാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രിക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെലങ്കാന രാഷ്ട്ര സമിതിയുടെ (ടിആര്‍എസ്) ഒരുദിവസം നീണ്ടുനില്‍ക്കുന്ന പ്ലീനറിയില്‍ സംസാരിക്കുകയായിരുന്നു ചന്ദ്രശേഖര്‍ റാവു.

രാഷ്ട്രത്തിനായി ഒരു പുതിയ അജണ്ട നിശ്ചയിക്കാന്‍ താന്‍ ഒരു സൈനികനായി പ്രവര്‍ത്തിക്കും. കഴിഞ്ഞ എട്ടുവര്‍ഷത്തെ ഭരണത്തില്‍ പുരോഗതി കൈവരിച്ച ഏതെങ്കിലുമൊരു മേഖല കാണിക്കാന്‍ ചന്ദ്രശേഖര്‍ റാവു മോദിയെ വെല്ലുവിളിച്ചു. 'ഒന്നും സംഭവിച്ചിട്ടില്ല. ജിഡിപി തകര്‍ന്നു, സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുന്നില്ല, പണപ്പെരുപ്പം വര്‍ധിച്ചു, വില ഉയരുന്നു. പരാജയങ്ങള്‍ മാത്രമേയുള്ളൂ, പക്ഷേ, എന്തെങ്കിലും സംഭവിക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍, പ്രസംഗവും നുണകളും മാത്രമാണ് നടത്തുന്നത്. യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ വിദ്വേഷം പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

തന്റെ സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചശേഷം ഇന്ധനത്തിന്റെ നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിനെയും റാവു രൂക്ഷമായി വിമര്‍ശിച്ചു. ഒരാള്‍ക്ക് കുറച്ച് നാണമെങ്കിലും വേണം. സംസ്ഥാനങ്ങളോട് എങ്ങനെ കുറയ്ക്കണമെന്ന് ആവശ്യപ്പെടും. ഒരു പ്രധാനമന്ത്രി ഇങ്ങനെയാണോ സംസാരിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. തെലങ്കാന രൂപീകരണത്തിന് ശേഷം സംസ്ഥാന സര്‍ക്കാര്‍ ഇന്ധനവില ഒരിക്കല്‍ വര്‍ധിപ്പിച്ചതല്ലാതെ നികുതി വര്‍ധിപ്പിച്ചിട്ടില്ല. നിങ്ങള്‍ക്ക് ആളുകളെ ശരിക്കും ഇഷ്ടമാണെങ്കില്‍ എന്തിനാണ് ഇന്ധനത്തിന്റെ സെസ് വര്‍ധിപ്പിച്ചത്. ഏത് മുഖത്തോടെയാണ് നിങ്ങള്‍ സംസ്ഥാനങ്ങളോട് നികുതി വെട്ടിക്കുറയ്ക്കാന്‍ ആവശ്യപ്പെടുന്നത്.

മോദിക്ക് വേണ്ടത് ശക്തമായ കേന്ദ്രവും ദുര്‍ബല സംസ്ഥാനങ്ങളുമാണ്. സാമ്പത്തിക വിദഗ്ധര്‍, ബുദ്ധിജീവികള്‍, വിരമിച്ച അഖിലേന്ത്യാ സര്‍വീസ് ഉദ്യോഗസ്ഥര്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷം ഒരു ബദല്‍ ജനകീയ അജണ്ട അവതരിപ്പിക്കുമെന്ന് ടിആര്‍എസ് മേധാവി പറഞ്ഞു. ദേശീയ രാഷ്ട്രീയം, വ്യവസ്ഥയുടെ പ്രവര്‍ത്തനം, രാജ്യത്തിന്റെ വിഭവങ്ങള്‍, രാജ്യം എങ്ങനെ മുന്നോട്ടുപോവണം എന്നിവയെക്കുറിച്ച് വിശദമായ വിശകലനം നടത്തും. രാജ്യത്തും വിദേശത്തുമുള്ള സാമ്പത്തിക വിദഗ്ധര്‍ 15-20 ദിവസത്തേക്ക് എല്ലാ വശങ്ങളും വിശകലനം ചെയ്യുകയും ചര്‍ച്ച ചെയ്യുകയും ചെയ്യും. ബുദ്ധിജീവികളെയും ഞാന്‍ ക്ഷണിക്കും. ചിലര്‍ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് വരും. അഭിസംബോധന ചെയ്യേണ്ട പ്രധാന പ്രശ്‌നങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നതിനായി വിരമിച്ച 200 ഓള്‍ ഇന്ത്യ സര്‍വീസ് ഓഫിസര്‍മാരുടെ യോഗം ഹൈദരാബാദില്‍ ചേരുമെന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News