രാജ് താക്കറെ ചോദ്യംചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി

മോദിക്കും അമിത് ഷായ്ക്കുമെതിരേ തുടര്‍ച്ചയായി നടത്തിയ വിമര്‍ശനമാണ് നടപടികള്‍ക്ക് കാരണമെന്നു പാര്‍ട്ടി ആരോപിക്കുന്നു

Update: 2019-08-22 07:19 GMT

മുംബൈ: മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനാ നേതാവ് രാജ് താക്കറെയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യലിനായി ഓഫിസില്‍ ഹാജരായി. പ്രതിഷേധവുമായി എംഎന്‍എസ് പ്രവര്‍ത്തകര്‍ എത്തുമെന്ന സൂചനയെ തുടര്‍ന്ന് ഇഡി ആസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഭാര്യ ഷര്‍മിള, മകള്‍ അമിത് ഊര്‍വ്വശി എന്നിവരോടൊപ്പമാണ് രാജ് താക്കറെ ഇഡി ഓഫിസിലെത്തിയത്. രാജ് താക്കറെയ്ക്ക് പങ്കാളിത്തമുണ്ടായിരുന്ന കൊഹിനൂര്‍ സിടിഎല്‍എന്‍ കമ്പനിയും ഐഎല്‍എഫ്എസുമായി നടത്തിയ ഇടപാടുകള്‍ സംബന്ധിച്ചാണ് ചോദ്യം ചെയ്യുന്നത്. 2005ല്‍ മുംബൈ ദാദറിലെ ശിവജി പാര്‍ക്കില്‍ തുടങ്ങിയ കൊഹിനൂര്‍ ടവറും ധനകാര്യ സ്ഥാപനമായ ഐഎല്‍എഫ്എസുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേടുകളിലാണ് അന്വേഷണം നടത്തുന്നത്. നടപടിക്കു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാരോപിച്ച് എംഎന്‍എസ് ബന്ദ് അടക്കമുള്ള പ്രതിഷേധ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും രാജ് താക്കറെയുടെ അഭ്യര്‍ഥന മാനിച്ച് പിന്‍വലിക്കുകയായിരുന്നു. എന്നിട്ടും ഇഡി ഓഫിസിനു പരിസരത്ത് കനത്ത പോലിസ് സംരക്ഷണമാണ് ഏര്‍പ്പെടുത്തിയത്.

    രാജ് താക്കറെയ്ക്കു പങ്കാളിത്തമുള്ള നിര്‍മാണ കമ്പനിയായ കൊഹിനൂര്‍ സിടിഎല്‍എന്‍ ആണ് ശിവജി പാര്‍ക്കിലെ കൊഹിനൂര്‍ ടവര്‍ നിര്‍മിച്ചത്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് എംഎന്‍എസ് വക്താവ് സന്ദീപ് ദേശ് പാണ്ഡെ അടക്കമുള്ള നേതാക്കളെ പോലിസ് കരുതല്‍ തടങ്കിലാക്കിയിട്ടുണ്ട്. മോദിക്കും അമിത് ഷായ്ക്കുമെതിരേ തുടര്‍ച്ചയായി നടത്തിയ വിമര്‍ശനമാണ് നടപടികള്‍ക്ക് കാരണമെന്നും പാര്‍ട്ടി ആരോപിക്കുന്നു.



Tags: