തമിഴ്നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ അനുവദിക്കില്ലെന്ന് എംകെ സ്റ്റാലിന്‍

Update: 2025-06-01 13:30 GMT

ചെന്നൈ: ബിജെപി- എഐഎഡിഎംകെ സഖ്യത്തിനെതിരേ അതിരൂക്ഷ വിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മധുരയില്‍ നടക്കുന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലായിരുന്നു ബിജെപി- എഐഎഡിഎംകെ സഖ്യത്തെ സ്റ്റാലിന്‍ കടന്നാക്രമിച്ചത്. എന്ത് സംഭവിച്ചാലും ഡല്‍ഹിക്ക് മുന്നില്‍ തലകുനിക്കില്ലെന്ന് സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാടിനെ ബിജെപി നിയന്ത്രണത്തിലാക്കാന്‍ ഡിഎംകെ അനുവദിക്കില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

എഐഎഡിഎംകെയെ ഇപിഎസ് ബിജെപിയുടെ നിയന്ത്രണത്തിലാക്കിയെന്നും സ്റ്റാലിന്‍ ആരോപിച്ചു. മധുരയിലെ ജനറല്‍ കൗണ്‍സില്‍ 2026ലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയത്തില്‍ അവസാനിക്കണം. നാളെ മുതല്‍ ദിവസവും താന്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ കാണുമെന്നും ചെറുപ്പക്കാര്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും എം കെ സ്റ്റാലിന്‍ വ്യക്തമാക്കി. ചെറുപ്പകാരിലൂടെ ഊര്‍ജവും ജയവും പാര്‍ട്ടിയില്‍ എത്തുമെന്ന് എംകെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു.

പാര്‍ട്ടിയുടെ ശക്തി അതിന്റെ വളണ്ടിയര്‍മാരുടെ വിശ്വാസമാണ്. തന്റെ പാര്‍ട്ടി, തന്റെ പ്രസ്ഥാനം, തന്റെ നേതൃത്വം എന്ന മനോഭാവമുള്ളവരാണ് വളണ്ടിയര്‍മാരെന്നും എംകെ സ്റ്റാലിന്‍ പറഞ്ഞു. തമിഴ്നാട്ടില്‍ ബിജെപി സഖ്യം അധികാരത്തില്‍ വന്നാല്‍ ജാതി കലാപങ്ങള്‍ സൃഷ്ടിച്ച് അവര്‍ ജനങ്ങളെ ഭിന്നിപ്പിക്കും. നമ്മുടെ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ അവര്‍ അനുവദിക്കില്ല. പിന്തിരിപ്പന്‍ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നമ്മളെ മുക്കിക്കൊല്ലുമെന്നും സ്റ്റാലിന്‍ ആരോപിച്ചു.






Tags: