മിഷൻ 2022: ബിജെപിയെ താഴെയിറക്കും; എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺ​ഗ്രസ് മാർച്ച് സംഘടിപ്പിക്കും

സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന നേതാക്കൾ മുതൽ നീതി പഞ്ചായത്തിന്റെ ഭാരവാഹികൾ വരെയുള്ളവർക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്.

Update: 2021-08-09 02:32 GMT

ന്യൂഡൽഹി: വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ ദുരിതം, തകർന്ന ക്രമസമാധാന നില എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടി സംസ്ഥാന സർക്കാരിനെതിരേ ഉത്തർപ്രദേശിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസ് മാർച്ച് സംഘടിപ്പിക്കും. ആഗസ്ത് 9-10 തീയതികളിൽ നടക്കുന്ന രണ്ട് ദിവസത്തെ പ്രചാരണത്തിന്റെ തിരക്കിലാണ് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമെന്ന് ഒരു മുതിർന്ന നേതാവ് എഎൻഐയോട് പറഞ്ഞു.

സംസ്ഥാനത്തെ 403 മണ്ഡലങ്ങളിലും കോൺഗ്രസ് പ്രവർത്തകർ മാർച്ച് സംഘടിപ്പിക്കും. ഇതിനായി സംസ്ഥാന നേതാക്കൾ മുതൽ നീതി പഞ്ചായത്തിന്റെ ഭാരവാഹികൾ വരെയുള്ളവർക്ക് വ്യത്യസ്ത ഉത്തരവാദിത്തങ്ങൾ നൽകിയിട്ടുണ്ട്. മാർച്ച് വിജയിപ്പിക്കാനുള്ള ഉത്തരവാദിത്തം 400 മുതിർന്ന നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ഇതിനൊപ്പം, സാധ്യതയുള്ള നിയമസഭാ സ്ഥാനാർത്ഥികൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും കോൺ​ഗ്രസ് നേതാവിനെ ഉദ്ധരിച്ച് എഎൻഐ റിപോർട്ട് ചെയ്യുന്നു.

'ബിജെപി ഗാഡി ഛോഡോ' മാർച്ച് ഓരോ അസംബ്ലിയിലേയും പ്രധാന മാർക്കറ്റുകളിലൂടെ ഏകദേശം അഞ്ച് കിലോമീറ്റർ സഞ്ചരിക്കും. സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ കോൺഗ്രസിന് അഞ്ച് എംഎൽഎമാർ മാത്രമാണുള്ളത്. ഉത്തർപ്രദേശിലെ സമാന ചിന്താഗതിക്കാരായ പാർട്ടികളുമായി സഖ്യമുണ്ടാക്കാൻ പാർട്ടി തയ്യാറാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും സംസ്ഥാനത്തിന്റെ ചുമതലക്കാരിയുമായ പ്രിയങ്ക ഗാന്ധി വാദ്ര നേരത്തെ സൂചിപ്പിച്ചിരുന്നു.