സണ്ണി ഡിയോള്‍ എംപിയെ കാണാനില്ലെന്ന്; പൊതുനിരത്തുകളില്‍ ലുക്ക് ഔട്ട് നോട്ടീസ്
കാണാനില്ലെന്ന പോസ്റ്ററുകള്‍ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്നും ബിക്കാനിറില്‍ അദ്ദേഹത്തിന്റെ പിതാവ് ധര്‍മേന്ദ്രയുടെ കാര്യത്തിലും സമാനസംഭവമാണുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു.
ന്യൂഡല്‍ഹി: നടനും എംപിയുമായ സണ്ണി ഡിയോളിനെ കാണാനില്ലെന്ന് പോസ്റ്ററുകള്‍. പഞ്ചാബിലെ പത്താന്‍കോട്ടിലെ പൊതുസ്ഥലങ്ങളിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാണാതായവര്‍ക്കായി തിരയുന്നു, എംപി സണ്ണി ഡിയോള്‍, എന്നിങ്ങനെ കുറിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് റെയില്‍വേ സ്റ്റേഷനുകളിലും മറ്റും കാണപ്പെടുന്നത്. ബോളിവുഡ് താരമായ സണ്ണി ഡിയോള്‍ കഴിഞ്ഞ വര്‍ഷമാണ് എംപിയായത്. നേരത്തെ എംപി ആയതിനുശേഷം യോഗങ്ങളില്‍ പങ്കെടുക്കാനും മണ്ഡലം നോക്കാനും പ്രതിനിധിയായി എഴുത്തുകാരന് ഗുര്പ്രീക് സിങ് പല്‍ഹേരിയെ താരം പ്രഖ്യാപിച്ചിരുന്നു.
ഇത് ഏറെ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് എംപിയെ കാണാനില്ലെന്ന 'ലുക്ക് ഔട്ട്' നോട്ടീസ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കാണാനില്ലെന്ന പോസ്റ്ററുകള്‍ ഒട്ടും അതിശയിപ്പിക്കുന്നില്ലെന്നും ബിക്കാനിറില്‍ അദ്ദേഹത്തിന്റെ പിതാവ് ധര്‍മേന്ദ്രയുടെ കാര്യത്തിലും സമാനസംഭവമാണുണ്ടായതെന്നും കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി പ്രതികരിച്ചു. സണ്ണി ഡിയോള്‍ എംപി പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കുന്നതും വളരെ ചുരുക്കമാണ്. രേഖകള്‍ പ്രകാരം ആദ്യ സെഷനില്‍ 28 ദിവസം പാര്‍ലമെന്റില്‍ താരം ഹാജരായിരുന്നില്ല. വെറും ഒമ്പതുദിവസമാണ് സണ്ണി ഡിയോണ്‍ പാര്‍ലമെന്റിലെത്തിയത്.