ന്യൂനപക്ഷ പുനര്‍നിര്‍ണയം: മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്ന് സുപ്രിംകോടതി

മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളെയും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളായി പ്രഖ്യാപിച്ച് 1993 ഒക്‌ടോബര്‍ 23ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്.

Update: 2019-02-12 10:25 GMT

ന്യൂഡല്‍ഹി: ദേശീയാടിസ്ഥാനത്തിലല്ലാതെ, സംസ്ഥാന ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ ന്യൂനപക്ഷത്തെ നിര്‍വചിക്കണമെന്ന അപേക്ഷയില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് സുപ്രിംകോടതി നിര്‍ദേശം നല്‍കി. മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സിഖ്, ബുദ്ധ, പാഴ്‌സി വിഭാഗങ്ങളെയും രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങളായി പ്രഖ്യാപിച്ച് 1993 ഒക്‌ടോബര്‍ 23ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് അശ്വനികുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രിംകോടതി ബെഞ്ചിന്റെ ഉത്തരവ്.

രാജ്യത്തിന്റെ മൊത്തം ജനസംഖ്യ നോക്കി ദേശീയതലത്തില്‍ ന്യൂനപക്ഷ സമുദായങ്ങളെ നിര്‍ണയിക്കുന്നതിന് പകരം ഓരോ സംസ്ഥാനത്തെയും ജനസംഖ്യ അടിസ്ഥാനമാക്കി അവിടങ്ങളില്‍ ന്യൂനപക്ഷത്തെ നിര്‍ണയിക്കണമെന്നാണ് ബിജെപി നേതാവിന്റെ ആവശ്യം. മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മുകശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ് സംസ്ഥാനങ്ങളിലും ലക്ഷദ്വീപിലും ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമാക്കി വിജ്ഞാപനമിറക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷമായിട്ടും ഹിന്ദുക്കളെ ഭൂരിപക്ഷമായാണ് കണക്കാക്കുന്നത്. അതിനാല്‍, ന്യൂനപക്ഷങ്ങള്‍ക്കുള്ള ആനുകൂല്യം ലഭിക്കുന്നില്ലെന്നും ഹരജിക്കാരന്‍ പറയുന്നു. എത്രയും വേഗം, കഴിയുമെങ്കില്‍ മൂന്നുമാസത്തിനകം തന്നെ ന്യൂനപക്ഷ കമ്മീഷന്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു. അതിനുശേഷം നിയമനടപടികളുമായി പരാതിക്കാരന് മുന്നോട്ടുപോവാം. കമ്മീഷന് നല്‍കുന്നതിനായി ഹരജിയില്‍ മാറ്റംവരുത്താനും പരാതിക്കാരനോട് ആവശ്യപ്പെട്ടു.

ഏഴുസംസ്ഥാനങ്ങളില്‍ ഹിന്ദുക്കളെ ന്യൂനപക്ഷമായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഉപാധ്യായ നല്‍കിയ ഹരജി സ്വീകരിക്കാന്‍ 2017 നവംബര്‍ 10ന് സുപ്രിംകോടതി തയ്യാറായിരുന്നില്ല. പകരം, ന്യൂനപക്ഷ കമ്മീഷനെ സമീപിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. ദേശീയതലത്തിലുള്ള വിഷയങ്ങള്‍ മാത്രമേ കമ്മീഷന്‍ പരിഗണിക്കൂവെന്നും ഇത് ഓരോ സംസ്ഥാനങ്ങളുടെയും വിഷയമായതുകൊണ്ടാണ് സുപ്രിംകോടതിയെ സമീപിക്കുന്നതെന്നാണ് ഉപാധ്യായ അന്ന് വാദിച്ചത്. പിന്നീട്, ന്യൂനപക്ഷ കമ്മീഷനെ സമീപിച്ചെങ്കിലും 15 മാസമായിട്ടും അവരതില്‍ തീരുമാനമെടുത്തില്ലെന്നു ചൂണ്ടിക്കാട്ടി അശ്വനികുമാര്‍ വീണ്ടും സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.

Tags:    

Similar News