ന്യൂനപക്ഷ ഫെല്ലോഷിപ്പിന് അര്‍ഹരെ കണ്ടെത്താന്‍ യുജിസിക്ക് നിര്‍ദേശം നല്‍കിയെന്ന് നഖ്‌വി

2019-2020 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍ പെടുത്തികൊണ്ട് ടി എന്‍ പ്രതാപന്‍ എംപി നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.

Update: 2020-03-05 18:05 GMT

ന്യൂഡല്‍ഹി: ഉന്നത ഗവേഷണ പഠനം നടത്തുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പിന് അര്‍ഹരായവരെ കണ്ടെത്താന്‍ യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന് നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി.

2019-2020 അധ്യയന വര്‍ഷത്തേക്കുള്ള അപേക്ഷകള്‍ ക്ഷണിക്കാന്‍ വൈകുന്നത് ശ്രദ്ധയില്‍ പെടുത്തികൊണ്ട് ടി എന്‍ പ്രതാപന്‍ എംപി നല്‍കിയ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രാലയമാണ് ഈ ഫെല്ലോഷിപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യുജിസി സിഐഎസ്എസ്എ നെറ്റ് പരീക്ഷയില്‍ പാസാകുന്ന സാമൂഹ്യ ശാസ്ത്ര ശാസ്ത്ര വിഷയങ്ങളില്‍ മുഴുവന്‍ സമയ എംഫില്‍ പിഎച്ച്ഡി ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കാണ് ഫെല്ലോഷിപ്പ് നല്‍കി വരുന്നത്.

മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, പാഴ്‌സി, ജൈന, ബുദ്ധ മതങ്ങളില്‍പെട്ട വിദ്യാര്‍ഥികള്‍ക്ക് മേല്‍പറഞ്ഞ യോഗ്യതകളുണ്ടെങ്കില്‍ അപേക്ഷിക്കാം. സാധാരണ ഡിസംബര്‍ ജനുവരി മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കാറുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് വൈകി. 609.58 കോടി രൂപയാണ് 2014-2020 കാലയളവില്‍ ഇതിലേക്കായി വകയിരുത്തപ്പെട്ടത്. 498.28 കോടി രൂപ ചെലവഴിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

Tags: