പ്രായപൂര്‍ത്തിയാവാത്ത മുസ് ലിം വിദ്യാര്‍ഥിയെ രണ്ട് മാസം ജയിലിലടച്ചു; നിയമവിരുദ്ധമെന്ന് കോടതി, അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം

Update: 2026-01-13 14:11 GMT

പട്‌ന: ബിഹാറില്‍ 16കാരനെ അന്യായമായി രണ്ട് മാസം ജയിലിലടച്ച നടപടി നിയമവിരുദ്ധമെന്ന് പട്‌ന ഹൈക്കോടതി.സംഭവത്തില്‍ കോടതിക്ക് മൗനം അവലബിക്കാന്‍ കഴിയിലെന്നും വിദ്യാര്‍ഥിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു. വിദ്യാര്‍ഥിയെ അന്യായമായി തടങ്കലില്‍ വച്ചിരിക്കുന്നൂ എന്നാരോപിച്ച് കുടുംബം സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹരജിയിലാണ് കോടതിയുടെ നടപടി. കുട്ടിയുടെ തടങ്കല്‍ പൂര്‍ണമായും ന്യായീകരണമില്ലാത്തതാണെന്ന് കോടതി വ്യക്തമാക്കി. 2025 ഒക്ടോബര്‍ 23നാണ് മതിയായ തെളിവോ കാരണമോ ഇല്ലാതെ 16കാരനെ പോലിസ് അറസ്റ്റ് ചെയ്തത്.

മധേപുരയിലെ ഒരു ഗ്രാമത്തില്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് കേസ്. എഫ്ഐആറില്‍ കുട്ടിയുടെ പേര് ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും, ചാര്‍ജ് ഷീറ്റില്‍ പേര് ഉണ്ടായിരുന്നില്ല. എന്നിട്ടും അന്വേഷണ ഉദ്യോഗസ്ഥന്‍ കുട്ടിയുടെ പ്രായം തെറ്റായി 19 എന്ന് രേഖപ്പെടുത്തി ഒക്ടോബര്‍ 23-ന് അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി.

കുട്ടി രണ്ട് മാസത്തിലധികം അനുഭവിച്ച ''ശാരീരികവും മാനസികവുമായ വേദന'' പരിഗണിച്ചാണ് 5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ചതെന്ന് കോടതി വ്യക്തമാക്കി. ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ച തിയ്യതി മുതല്‍ ഒരു മാസത്തിനുള്ളില്‍ ഈ തുക നല്‍കണമെന്നും നിര്‍ദേശിച്ചു. അന്വേഷണം പൂര്‍ത്തിയായതിന് ശേഷം, കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ഈ നഷ്ടപരിഹാര തുക തിരിച്ചുപിടിക്കണമെന്നും, അത് ആറുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.

കേസുമായി ബന്ധപ്പെട്ട നിയമപോരാട്ടത്തിനായി കുടുംബം ചെലവഴിച്ച തുകയായി അധികമായി 15,000 നല്‍കാനും കോടതി ഉത്തരവിട്ടു. ഇതിനുപുറമേ, കേസില്‍ ഭരണപരമായ അന്വേഷണം ആരംഭിക്കാന്‍ ബിഹാര്‍ ഡിജിപിയോടും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണത്തില്‍ ലഭിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ നടപടി സ്വീകരിച്ച്, കുറ്റക്കാരായ ഉദ്യോഗസ്ഥരില്‍ നിന്ന് ചെലവും നഷ്ടപരിഹാരവും ഈടാക്കണമെന്നും കോടതി പറഞ്ഞു.

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായിട്ടും, യാതൊരു തെളിവുമില്ലാതെ പോലിസ് അറസ്റ്റ് ചെയ്യുകയും മജിസ്ട്രേറ്റ് യാന്ത്രികമായി ജയിലിലേക്ക് അയക്കുകയും ചെയ്തതിലൂടെ കുട്ടിയുടെ സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്നും കോടതി നിരീക്ഷിച്ചു.





Tags: