മേഘാലയയിലെ അനധികൃത കല്‍ക്കരി ഘനിയില്‍ സ്ഫോടനം; അഞ്ച് തൊഴിലാളികള്‍ കുടുങ്ങി

ഞായറാഴ്ച മുതല്‍ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ കാരണം അനധികൃതമായി പ്രവര്‍ത്തിച്ച ഖനി കണ്ടെത്താന്‍ സാധിച്ചില്ല.

Update: 2021-06-01 08:57 GMT

ഈസ്റ്റ് ജയന്തിയ: മേഘാലയയിലെ ഈസ്റ്റ് ജയന്തിയ ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കല്‍ക്കരി ഖനിയില്‍ സ്ഫോടനം. ഖനിക്കകത്ത് ജോലി ചെയ്യുകയായിരുന്ന അഞ്ച് തൊഴിലാളികള്‍ കുടുങ്ങി. ഞായറാഴ്ചയാണ് ഡൈനാമൈറ്റ് പൊട്ടിത്തെറിച്ച്‌ ഖനിയില്‍ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഖനിയുടെ ഭിത്തി തകര്‍ന്നതാണ് തൊഴിലാളികള്‍ കുടുങ്ങാന്‍ കാരണമായതെന്ന് പൊലീസ് പറഞ്ഞു. കാണാതായ തൊഴിലാളികളില്‍ നാലു പേര്‍ അസമില്‍ നിന്നുള്ളവരും ഒരാള്‍ ത്രിപുര സ്വദേശിയുമാണ്.

തൊഴിലാളികള്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ദുരന്ത നിവാരണ സേനയും പോലിസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഞായറാഴ്ച മുതല്‍ തൊഴിലാളികള്‍ അപകടത്തില്‍ പെട്ടിട്ടുണ്ടെങ്കിലും മോശം കാലാവസ്ഥ കാരണം അനധികൃതമായി പ്രവര്‍ത്തിച്ച ഖനി കണ്ടെത്താന്‍ സാധിച്ചില്ലെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

പെട്ടെന്നുണ്ടായ പൊട്ടിത്തെറിയില്‍ ഖനിയിലേക്ക് വെള്ളം കയറിയാണ് തൊഴിലാളികള്‍ അപകടത്തില്‍ പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഖനിയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി തൊഴിലാളികളുടെ തലവനായ നിസാം അലി ഒന്നും ചെയ്തില്ലെന്നും രക്ഷപ്പെട്ടവരെ ഓടിച്ചു വിടുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഇയാള്‍ക്കെതിരേ കേസെടുത്തു. രണ്ട് ദിവസമായി പ്രദേശത്ത് തുടര്‍ച്ചയായി മഴ പെയ്യുന്നത് രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കുന്നുണ്ട്.