കശ്മീരിൽ ഏറ്റുമുട്ടലിൽ സായുധൻ കൊല്ലപ്പെട്ടു; രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
തെക്കൻ കശ്മീരിലെ ഷോപിയാനിലെ കനിഗാം പ്രദേശത്ത് സായുധരെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ
ശ്രീനഗർ: കശ്മീരിലെ ഷോപിയാൻ ജില്ലയിൽ സുരക്ഷാ സേനയും സായുധരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു സായുധധാരി കൊല്ലപ്പെട്ടു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
തെക്കൻ കശ്മീരിലെ ഷോപിയാനിലെ കനിഗാം പ്രദേശത്ത് സായുധരെത്തിയെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന തിരച്ചിൽ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടൽ നടക്കുകയായിരുന്നുവെന്ന് പോലിസ് ഉദ്യോഗസ്ഥർ പറഞ്ഞു.
സേന തിരച്ചിൽ നടത്തുന്നതിനിടെ സായുധർ സൈന്യത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് സേന തിരിച്ചും വെടിവയ്ക്കുകയായിരുന്നു. വെടിവയ്പിൽ ഒരു സായുധർ കൊല്ലപ്പെട്ടുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട സായുധനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലിസ് പറഞ്ഞു.