കുടിയേറ്റക്കാരെ വിദേശത്തേയ്ക്ക് അയക്കല്‍: രജിസ്‌ട്രേഷനില്ലാത്ത ഏജന്‍സികള്‍ക്കെതിരേ കര്‍ശന നടപടിയെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍

വിദേശത്ത് ജോലിക്കായി പോവുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി കഴിഞ്ഞ ആറുവര്‍ഷം നിരവധി നടപടികള്‍ കൈക്കൊണ്ടെങ്കിലും തട്ടിപ്പ്, നിയമവിരുദ്ധ കുടിയേറ്റം, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Update: 2020-06-15 14:28 GMT

ന്യൂഡല്‍ഹി: കുടിയേറ്റക്കാരെ വിദേശത്തേയ്ക്ക് അയക്കുന്ന രജിസ്‌ട്രേഷനില്ലാത്തതും നിയമവിധേയമല്ലാത്തുമായ ഏജന്‍സികള്‍ക്കെതിരേ കേന്ദ്ര ഗവണ്‍മെന്റ് കര്‍ശനമായ നടപടിയെടുക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇത്തരം ഏജന്‍സികളെ അടിയന്തരമായി കണ്ടെത്തേണ്ടതുണ്ടെന്നും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളുടെ പേരില്‍ അവക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സിന്റെ മൂന്നാമത് വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത ഏജന്‍സികളുടെ അധാര്‍മികതന്ത്രങ്ങളുടെ ഇരയായി വീഴുന്ന കുടിയേറ്റക്കാരുടെ ദുരവസ്ഥയില്‍ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

വിദേശത്ത് ജോലിക്കായി പോവുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്കായി കഴിഞ്ഞ ആറുവര്‍ഷം നിരവധി നടപടികള്‍ കൈക്കൊണ്ടെങ്കിലും തട്ടിപ്പ്, നിയമവിരുദ്ധ കുടിയേറ്റം, സാങ്കേതികവിദ്യയുടെ ദുരുപയോഗം എന്നിവയുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ തുടര്‍ന്നും ലഭിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിദേശത്തുള്ള ഇന്ത്യന്‍ പൗരന്‍മാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനും അവരുടെ വിദേശ തൊഴിലവസരങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനുമായി ഒരു പുതിയ സമഗ്ര എമിഗ്രേഷന്‍ മാനേജ്‌മെന്റ് സംവിധാനം ആരംഭിക്കുന്നതിന് വേണ്ടി സര്‍ക്കാര്‍ ഒരു പുതിയ എമിഗ്രേഷന്‍ മാനേജ്‌മെന്റ് ബില്‍ കൊണ്ടുവരും. നിര്‍ദിഷ്ടബില്‍ സുരക്ഷിതമായ എമിഗ്രേഷന്‍ പരിസ്ഥിതിക്ക് വഴിയൊരുക്കുമെന്ന് കേന്ദ്രസഹമന്ത്രി അറിയിച്ചു.

വളരെക്കാലമായി നോട്ടിഫൈഡ് രാജ്യങ്ങള്‍ക്കു അതിവിദഗ്ധരും അര്‍ധവിദഗ്ധരുമായ തൊഴിലാളികളെ ഇന്ത്യ ലഭ്യമാക്കുന്നുണ്ട്. അവരുടെ സുരക്ഷിതത്വം, ക്ഷേമം എന്നിവഉറപ്പാക്കുന്നതിനും ഇന്ത്യയില്‍നിന്നുള്ള കുടിയേറ്റക്കാരുടെ താല്‍പര്യം സംരക്ഷിക്കുന്നതും സര്‍ക്കാരിന്റെ മുന്‍ഗണനയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ മുഖ്യപ്രഭാഷണം നടത്തി. സജ്ഞയ് ഭട്ടാചാര്യ സെക്രട്ടറി (സിപിവി ആന്റ് ഒഐഎ) എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Tags:    

Similar News