അങ്കണവാടിയിലെ ഉച്ചഭക്ഷണം തയ്യാറാക്കുന്നത് കക്കൂസില്‍...!

Update: 2019-07-23 12:02 GMT

ഭോപാല്‍: മധ്യപ്രദേശിലെ ഒരു അങ്കണവാടിയില്‍ കുരുന്നുകള്‍ക്കുള്ള ഉച്ചഭക്ഷണം പാചകം ചെയ്യുന്നത് കക്കൂസിനുള്ളില്‍ വച്ച്. ശിവപുരി ജില്ലയിലെ കരേരയിലെ ശിശു സംരക്ഷണ കേന്ദ്രത്തിലാണ് ശുചിത്വമാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തി ഉച്ചയൂണ്‍ പാകം ചെയ്തത്. അങ്കണവാടിയില്‍ മറ്റു സ്ഥലമില്ലാത്തതിനാലാണ് കക്കൂസിനെ താല്‍ക്കാലിക അടുക്കളയാക്കിയതെന്നാണ് അധികൃതരുടെ വാദം. കുറേ കാലമായി ഇത്തരത്തില്‍ പാചകം ചെയ്ത ഉച്ചയൂണ്‍ കുട്ടികള്‍ക്ക് കൊടുക്കുന്നുണ്ടത്രേ. ഭക്ഷണം പാചകം ചെയ്യാന്‍ കക്കൂസിന്റെ ഒരു ഭാഗമല്ലാതെ മറ്റു സ്ഥലമില്ലെന്ന് അങ്കണവാടി ജീവനക്കാരിയായ രാജ്കുമാരി യോഗി പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി തവണ മേലധികാരിള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും യാതൊരു നടപടിയുമെടുത്തിരുന്നില്ല. ഇതോടെയാണ് കക്കൂസിനുള്ളില്‍ വച്ച് തന്നെ പാചകം ചെയ്യാന്‍ നിര്‍ബന്ധിതരായത്. കക്കൂസ് നിര്‍മാണം പൂര്‍ത്തിയായില്ലെന്നും കുടിവെള്ള പൈപ്പ് സംവിധാനമില്ലാത്തതിനാലാണ് അവിടെ നിന്ന് പാചകം ചെയ്യുന്നതെന്നും വനിതാ-ശിശു വികസന വകുപ്പ് പ്രൊജക്റ്റ് ഓഫിസര്‍ പ്രയിങ്ക ബുങ്കര്‍ പറഞ്ഞു. ഇത് മൂന്നാംതവണയാണ് ശിവപുരിയില്‍ നിന്ന് ഇത്തരം സംഭവങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. നേരത്തെയും കക്കൂസില്‍ പലചരക്ക് സാധനങ്ങള്‍ സൂക്ഷിച്ചതായി റിപോര്‍ട്ടുകളുണ്ടായിരുന്നു.



Tags:    

Similar News