ആര്‍ത്തവ ആരോഗ്യം മൗലികാവകാശം; തയ്യാറെടുപ്പുകളുമായി സ്‌കൂളുകള്‍, 51.35 കോടി രൂപ അനുവദിച്ച് കര്‍ണാടക

Update: 2026-02-16 08:42 GMT

ബെംഗളൂരു: ആര്‍ത്തവ ശുചിത്വം മൗലികാവകാശമാണെന്ന സുപ്രുംകോടതി ഉത്തരവിന് പിന്നാലെ ആര്‍ത്തവ ആരോഗ്യവും സൗകര്യവും ഉറപ്പ് വരുത്താനുള്ള ശ്രമത്തിലാണ് രാജ്യത്തെ സ്‌കൂളുകള്‍. ഇതിനോടകം മിക്ക വിദ്യാലയങ്ങളിലും അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞു. സാനിറ്ററി പാഡുകളുടെ വിതരണം, വൃത്തിയുള്ള ശുചിമുറികള്‍, വെള്ളത്തിന്റെ ലഭ്യത എന്നിവ ഉറപ്പാക്കി.

ആര്‍ത്തവത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കുക എന്നതും ഇതിന് പിന്നിലെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. കൂടാതെ സ്‌കൂളുകളില്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി ഓക്‌സോ-ബയോഡിഗ്രേഡബിള്‍ സാനിറ്ററി പാഡ് (പരിസ്ഥിതി സൗഹൃദ പാഡുകള്‍) ഉറപ്പാക്കുകയും ചെയ്യും. അതേസമയം കോടതി നിര്‍ദേശം പാലിക്കാത്ത സ്‌കൂളുകള്‍ക്കും മാനേജ്മെന്റിനുമെതിരെ നടപടിയെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ വര്‍ഷം ജനുവരി 30നാണ് സുപ്രുംകോടതി ആര്‍ട്ടിക്കിള്‍ 21 പ്രകാരം ആര്‍ത്തവ ശുചിത്വം മൗലികാവകാശമായി പ്രഖ്യാപിച്ചത്.

എല്ലാ സ്‌കൂളുകളിലും വാട്ടര്‍ പൈപ്പ് കണക്ഷനോടെ പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും വെവ്വേറെ ശുചിമുറികള്‍ വേണം. സോപ്പ് അല്ലെങ്കില്‍ ഹാന്‍ഡ് വാഷ് നിര്‍ബന്ധം.

ശുചിമുറികള്‍ സ്വകാര്യത ഉറപ്പ് വരുത്തുകയും ഭിന്നശേഷി സൗഹൃദവുമായിരിക്കുകയും വേണം.സ്‌കൂളില്‍ അധിക വസ്ത്രങ്ങളും ഡിസ്‌പോസിബിള്‍ പാഡുകളുമായി ആര്‍ത്തവ ശുചിത്വ ഇടം ഒരുക്കണം.

ആര്‍ത്തവ ശുചിത്വം ഒരു അവകാശമായി സുപ്രിംകോടതി അംഗീകരിച്ചതിനെത്തുടര്‍ന്ന് 'ശുചി പദ്ധതി' വിപുലീകരിക്കാന്‍ ഒരുങ്ങി കര്‍ണാടക. ഇതിന്റെ ഭാഗമായി സാനിറ്ററി നാപ്കിനുകളും മറ്റും വാങ്ങുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 51.35 കോടി രൂപ അനുവദിക്കുകയും ചെയ്തു. കര്‍ണാടക സ്റ്റേറ്റ് മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴിയാണ് സഹായങ്ങള്‍ ലഭിക്കുക.