മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്്ദുല്ലയും 'സെവന്‍ സ്റ്റാര്‍' സുരക്ഷയിലെന്ന് ബിജെപി നേതാവ്

ഇവര്‍ കുഴപ്പക്കാരാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. സമാധാനം തകര്‍ക്കുകയും അതിനുവേണ്ടി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Update: 2019-08-07 01:34 GMT

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തിയും ഉമര്‍ അബ്്ദുല്ലയും സര്‍ക്കാരിന്റെ 'സെവന്‍ സ്റ്റാര്‍' സുരക്ഷയിലാണെന്നു ബിജെപി നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ നിര്‍മല്‍ സിങ്. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്്ദുല്ലയും വീട്ടുതടങ്കലിലാക്കപ്പെടുകയും പിന്നീട് അറസ്റ്റ് ചെയ്ത് ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയും ചെയ്തതിനു പിന്നാലെയാണ് ബിജെപി നേതാവിന്റെ പരാമര്‍ശം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനെ തുടര്‍ന്നു സംഘര്‍ഷം ഒഴിവാക്കാനാണു ഇവരെ കസ്റ്റഡിയിലെടുത്തതെന്നാണ് സര്‍ക്കാര്‍ വാദം. ഇരുവരെയും തടങ്കലിലാക്കിയത് വളരെ അത്യാവശ്യമാണ്. ഇവര്‍ കുഴപ്പക്കാരാണ്. ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ എന്താണ് സംഭവിക്കുകയെന്ന് ആര്‍ക്കും പറയാനാവില്ല. സമാധാനം തകര്‍ക്കുകയും അതിനുവേണ്ടി ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ഇരുവരെയും ഗസ്റ്റ് ഹൗസിലേക്ക് മാറ്റിയതിനെ അവര്‍ ആസ്വദിക്കുകയാണ്. ഇരുവരെയും ജയിലിലടക്കുന്നുവെന്നത് തെറ്റാണ്. അവര്‍ ഹരിനിവാസ് എന്ന സെവന്‍ സ്റ്റാര്‍ താമസ സൗകര്യമുള്ള സ്ഥലത്താണുള്ളത്. ഞാന്‍ അവിടെ താമസിച്ചിരുന്നു.

    ഉമര്‍ അബ്്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്്ദുല്ല കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ എത്താത്തതിനെ കുറിച്ച് പ്രതിപക്ഷം ചോദ്യമുന്നയിച്ചിരുന്നു. എന്നാല്‍, ഫാറൂഖ് അബ്ദുല്ല തടവിലല്ലെന്നായിരുന്നു അമിത്ഷായുടെ മറുപടി. ഇത് തെറ്റാണെന്നും താനിപ്പോഴും സൈന്യത്തിന്റെ വീട്ടുതടങ്കലിലാണെന്നും വീടിനുള്ളില്‍ പോലും സൈനികരുടെ ഇടപെടലുണ്ടെന്നും വിമര്‍ശിച്ച് ഫാറൂഖ് അബ്ദുല്ല രംഗത്തെത്തിയിരുന്നു.




Tags:    

Similar News