മേഘാലയ ഖനി ദുരന്തം: അഞ്ചുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു; ഖനി ഉടമയെ അറസ്റ്റുചെയ്തു

Update: 2021-06-04 06:17 GMT

ഷില്ലോങ്: മേഘാലയയിലെ ഈസ്റ്റ് ജയ്ന്തിയ ഹില്‍സ് ജില്ലയില്‍ നാലുദിവസം മുമ്പ് കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ അഞ്ച് തൊഴിലാളികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി. സ്‌ഫോടനം നടത്തി പാറപൊട്ടിക്കുന്നതിനിടെയുണ്ടായ വെള്ളപ്പൊക്കമാണ് രക്ഷാപ്രവര്‍ത്തനത്തിനു തടസ്സസം സൃഷ്ടിക്കുന്നത്. അതിനിടെ, അനധികൃത ഖനി നടത്തിയതിന് ഖനിയുടമ ഷൈനിങ് ലങ്‌സാങ്ങിനെ പോലിസ് അറസ്റ്റുചെയ്തു.

സംഭവം നടന്നതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു. സുത്ഗ ഗ്രാമത്തില്‍നിന്നാണ് ഉടമയെ അറസ്റ്റുചെയ്തത്. സംസ്ഥാന ദുരന്ത നിവാരണസേന, അഗ്‌നിശമന സേനാംഗങ്ങള്‍, 24 അംഗ ദേശീയ ദുരന്ത നിവാരണ സേന സംഘത്തിലെ ഉദ്യോഗസ്ഥര്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഖനിയുടെ മാനേജര്‍ രക്ഷപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ ശ്രമിക്കുകയാണെന്ന് പോലിസ് സൂപ്രണ്ട് ജഗ്പാല്‍ സിങ് ധനോവ പറഞ്ഞു. ഇക്കാര്യത്തില്‍ ലുക്ക് ഔട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പോസ്റ്ററുകള്‍ ജില്ലയിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. ഇയാള്‍ കേസില്‍ പ്രധാന പ്രതിയാണെന്ന് പോലിസ് തിരിച്ചറിഞ്ഞു.

അസമില്‍നിന്നുള്ള നാലുപേരും ത്രിപുരയില്‍ നിന്നുള്ള ഒരാളും ഉള്‍പ്പെടെ അഞ്ച് തൊഴിലാളികള്‍ മെയ് 30 മുതല്‍ കല്‍ക്കരി ഖനിക്കുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. പ്രധാന ലംബ ഷാഫ്റ്റിലെ ജലനിരപ്പ് കാരണം വ്യാഴാഴ്ച രക്ഷാപ്രവര്‍ത്തകര്‍ക്ക് പുരോഗതി കൈവരിക്കാന്‍ കഴിഞ്ഞില്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജലനിരപ്പ് 150 അടിയുണ്ടെന്ന് എന്‍ഡിആര്‍എഫ് സ്ഥിരീകരിച്ചതായും ഇത് രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂലമാണെന്നും സേന വ്യക്തമാക്കിയിട്ടുണ്ടും അധികൃതര്‍ പറയുന്നു. ഇപ്പോള്‍ ജലനിരപ്പ് കുറയ്ക്കുന്നതിന് കൂടുതല്‍ വാട്ടര്‍ പമ്പുകളെത്തിച്ചതായും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു.

Tags:    

Similar News