ഖനിയില്‍ കുടുങ്ങിയ 15 പേര്‍; 42ാം നാള്‍ ഒരു മൃതദേഹം പുറത്തേക്ക്, പ്രാര്‍ഥനയോടെ കുടുംബാംഗങ്ങള്‍

നാവിക സേന കഠിന പരിശ്രമത്തിലൂടെ പുറത്തെത്തിച്ച, തിരിച്ചറിയാനാവാത്ത രീതിയില്‍ ദ്രവിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

Update: 2019-01-24 13:59 GMT

ഷില്ലോങ്: പ്രതീക്ഷ കൈവിടാതെ പ്രാര്‍ഥനയോടെ കാത്തുനില്‍ക്കുന്ന കുടുംബാംഗങ്ങളുടെ മുന്നിലേക്ക് 42ാം നാള്‍ ഒരു മൃതദേഹമെത്തി. മേഘാലയയിലെ 370 അടി ആഴമുള്ള അനധികൃത ഖനിയില്‍ കുടുങ്ങിയ 15 പേരില്‍ ഒരാളുടേതായിരുന്നു അത്. നാവിക സേന കഠിന പരിശ്രമത്തിലൂടെ പുറത്തെത്തിച്ച, തിരിച്ചറിയാനാവാത്ത രീതിയില്‍ ദ്രവിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. കഴിഞ്ഞയാഴ്ച തന്നെ മൃതദേഹം കണ്ടെത്തിയെങ്കിലും പുറത്തെടുക്കാന്‍ ശ്രമിക്കവേ വീണ്ടും ആഴത്തിലേക്ക് വഴുതിപ്പോവുകയായിരുന്നു.

വെള്ളം കയറിയ ഖനിയിയുടെ 100 അടി താഴ്ച്ചയില്‍ നിന്നാണ് ഇന്ന് മൃതദേഹം പുറത്തേക്കെത്തിച്ചത്. ഖനിയില്‍ കുടുങ്ങിയവരുടെ അവശിഷ്ടങ്ങളെങ്കിലും തങ്ങള്‍ക്ക് കണ്ടെത്തി തരണമെന്നും അവര്‍ക്കു വേണ്ടി അന്ത്യകര്‍മങ്ങള്‍ ചെയ്യാതെ തങ്ങളുടെ മനസ്സിന് സമാധാനം ലഭിക്കില്ലെന്നും കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം അധികൃതരോട് ആവശ്യപ്പെട്ടിരുന്നു.

റിമോട്ടില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക വാഹനം ഉപയോഗിച്ചാണ് വെള്ളം കയറിയ ഖനിയില്‍ നാവിക സേന പരിശോധന നടത്തുന്നത്. ഖനിയിലെ വെള്ളത്തില്‍ സള്‍ഫറിന്റെ അംശം വളരെ കൂടുതലായതിനാല്‍ മൃതദേഹം അതിവേഗത്തില്‍ ദ്രവിക്കും. പരിശോധനയില്‍ കഴിഞ്ഞ ദിവസം ചില അസ്തികൂടങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍, ഇത് കാണാതായവരുടേത് തന്നെയാണോ എന്നു വ്യക്തമല്ല.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് 15 തൊഴിലാളികളെ ഖനിയില്‍ കാണാതായത്. നേവി, ദേശീയ ദുരന്ത നിവാരണ സേന ഉള്‍പ്പെടെയുള്ളവരാണ് ഇവരെ കണ്ടെത്താനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. അതീവ ശേഷിയുള്ള പമ്പ് ഉപയോഗിച്ചിട്ടും ഖനിയിലെ വെള്ളത്തിന്റെ അളവ് വലിയ തോതിലൊന്നും കുറഞ്ഞിട്ടില്ല.

അദ്ഭുതങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഖനിയിലെ തിരച്ചില്‍ തുടരണമെന്ന് ഈ മാസം ആദ്യം സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.  

Tags:    

Similar News