മേഘാലയ ഹണിമൂണ്‍ കൊലക്കേസ്; ദുരൂഹത ഒഴിഞ്ഞു; കേസിലെ സഞ്ജയ് വര്‍മ്മയെ തിരിച്ചറിഞ്ഞു

Update: 2025-06-19 07:59 GMT

ഡല്‍ഹി: മേഘാലയയില്‍ ഹണിമൂണിനിടെ ഭര്‍ത്താവിനെ കൊന്ന കേസിലെ അവശേഷിച്ചിരുന്ന ദുരൂഹതയും ഇല്ലാതായി. കേസിലെ പ്രതിയായ സോനം രഘുവംശി സഞ്ജയ് വര്‍മ എന്നയാളെ നിരന്തരമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു എന്ന കണ്ടെത്തലാണ് പോലിസിനെ കുഴക്കിയിരുന്നത്. എന്നാല്‍ ഈ ഫോണ്‍ നമ്പര്‍ സോനത്തിന്റെ കാമുകന്‍ രാജ് കുശ്വാഹയുടേതാണെന്ന് വ്യക്തമായി. സംശയം തോന്നാതിരിക്കാനാണ് സോനം രാജിന്റെ നമ്പര്‍ മറ്റൊരു പേരില്‍ സേവ് ചെയ്തിരുന്നത്.

വിവാഹത്തിനു മുന്‍പും ശേഷവുമായി 200 തവണയാണ് സോനം ഈ നമ്പറില്‍ ബന്ധപ്പെട്ടിരുന്നത്. മാര്‍ച്ച് 1 മുതല്‍ ഏപ്രില്‍ 8 വരെയുള്ള 39 ദിവസങ്ങിലാണ് 200 കോളുകള്‍ ചെയ്തിരിക്കുന്നത്. ഓരോ കോളുകളും അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടിരുന്നുവെന്നും പോലിസ് പറയുന്നു. സോനം അറസ്റ്റിലായതിനു പിന്നാലെയാണ് ഈ നമ്പര്‍ സ്വിച്ച് ഓഫ് ആയത്.

ഭര്‍ത്താവ് രാജാ രഘുവംശിയെ കൊല്ലുന്നതിനായി മൂന്നു ഗുണ്ടകളെയാണ് സോനം വാടകയ്‌ക്കെടുത്തിരുന്നത്. ഹണിമൂണിന് പോയ ദമ്പതികളെ കാണാനില്ലെന്ന കേസിന്റെ അന്വേഷണമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടിയത്. മേയ് 11നാണ് ഇരുവരും വിവാഹിതരായത്. രാജുമായുള്ള പ്രണയമാണ് ഭര്‍ത്താവിനെ കൊല്ലാന്‍ കാരണമെന്ന് സോനം മൊഴി നല്‍കിയിട്ടുണ്ട്.




Tags: