കൊല്‍ക്കത്തയില്‍ ചേരിപ്രദേശത്ത് വന്‍ തീപ്പിടിത്തം; 40 കുടിലുകള്‍ കത്തിനശിച്ചു

ഭൂരിഭാഗം ആളുകളെയും കൃത്യസമയത്ത് ഒഴിപ്പിച്ചതിനാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

Update: 2021-01-13 15:51 GMT

കൊല്‍ക്കത്ത: വടക്കന്‍ കൊല്‍ക്കത്തയിലെ ബാഗ്ബസാറിലെ ചേരി പ്രദേശത്ത് വന്‍ തീപ്പിടിത്തം. ഇന്ന് വൈകീട്ടോടെയുണ്ടായ തീപ്പിടിത്തത്തില്‍ 40 കുടിലുകള്‍ കത്തിനശിച്ചതായാണ് റിപോര്‍ട്ടുകള്‍. 25 ഓളം ഫയര്‍ഫോഴ്‌സ് യൂനിറ്റുകള്‍ തീ നിയന്ത്രണവിധേയമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ബാഗ്ബസാര്‍ വിമന്‍സ് കോളജിന് സമീപമായിരുന്നു അപകടമുണ്ടായത്. വീടുകളില്‍നിന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിക്കുന്നതിന്റെ സ്‌ഫോടനശബ്ദം കേട്ടതായി പോലിസ് പറയുന്നു. ശക്തമായ കാറ്റുണ്ടായത് തീ കുടുതല്‍ സ്ഥലങ്ങളിലേക്ക് പടരാന്‍ കാരണമായി. ഭൂരിഭാഗം ആളുകളെയും കൃത്യസമയത്ത് ഒഴിപ്പിച്ചതിനാല്‍ ആളപായമൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല.

തീപ്പിടിത്തം തുടങ്ങി ഒന്നരമണിക്കൂര്‍ പിന്നിട്ടിട്ടും നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. അഗ്‌നിശമന സേനാംഗങ്ങള്‍ കുറഞ്ഞത് ഒരുമണിക്കൂര്‍ വൈകിയാണ് സ്ഥലത്തെത്തിയതെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. പ്രകോപിതരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സിന്റെ ഒരു സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രണ്ട് പോലിസ് വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ നശിപ്പിച്ചു. തീപ്പിടിത്തത്തെ തുടര്‍ന്ന് നഗരത്തിന്റെ വടക്കന്‍ ഭാഗത്തേക്കും പുറത്തേക്കുമുള്ള ഗതാഗതം സ്തംഭിച്ചു. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായി. തൊട്ടടുത്തുള്ള ശാരദ മേയര്‍ ബാരിയിലേക്കും തീ പടര്‍ന്നതായി അഗ്‌നിശമന വിഭാഗം ഉദ്യോഗസ്ഥര്‍ പിടിഐയോട് പറഞ്ഞു. എങ്ങനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല.

Tags:    

Similar News