
സോണിപത്: ഹരിയാനയില്‍ മോഡലിനെ കഴുത്തറുത്ത് കാനയില്‍ തള്ളിയ കേസില്‍ വിവാഹിതനായ ആണ് സുഹൃത്ത് അറസ്റ്റില്‍. ശീതള്‍ ചൗധരി എന്ന മോഡലിനെ കൊന്ന കേസിലാണ് സുനില്‍ എന്നയാള്‍ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. സുനില്‍ വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ശീതളുമായി ആറു വര്‍ഷമായി ഇയാള്‍ അടുപ്പത്തിലായിരുന്നു. കര്‍ണാലില്‍ സുനിലിന്റെ ഹോട്ടലില്‍ ശീതള്‍ കുറച്ചു കാലം ജോലി ചെയ്തിരുന്നു. ഒരിക്കല്‍ ശീതളിനോട് സുനില്‍ വിവാഹാഭ്യര്‍ഥന നടത്തിയിരുന്നു. എന്നാല്‍ വിവാഹിതനായിരുന്നതിനാല്‍ ശീതള്‍ ഈ ആവശ്യം നിരസിക്കുകയായിരുന്നു. ശനിയാഴ്ച ഒരു ആല്‍ബം ഷൂട്ടിങ്ങിനു വേണ്ടി ശീതള്‍ പാനിപ്പത്തിലെത്തിയിരുന്നു.
വൈകിട്ട് 10 മണിയോടെ സുനിലും സ്ഥലത്തെത്തി. ഇരുവരും കാറില്‍ ഇരുന്ന് മദ്യപിച്ചു. പിന്നീടാണ് വഴക്കുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചയോടെ ശീതള്‍ സഹോദരിയായ നേഹയെ വിളിച്ച് സുനില്‍ തന്നെ മര്‍ദിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അതിനു ശേഷം നേഹയ്ക്ക് ശീതളുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. തുടര്‍ന്നാണ് പോലിസില്‍ പരാതി നല്‍കിയത്. കാറില്‍ വച്ചു തന്നെ ശീതളിനെ പല തവണ മര്‍ദിച്ചതായും കുത്തിയതായും സുനില്‍ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. പിന്നീട് കഴുത്തറുത്ത ശേഷം മൃതദേഹവും കാറും കനാലില്‍ തള്ളി.
ശീതളിന്റെ മൃതദേഹം കണ്ടെത്തിയ കനാലിനരികിലായി സുനിലിന്റെ കാര്‍ കണ്ടതായി നാട്ടുകാര്‍ മൊഴി നല്‍കിയിട്ടുണ്ട്. പിന്നീട് പാനിപ്പത്തിലെ ആശുപത്രിയില്‍ സുനില്‍ ചികിത്സ തേടി.കാര്‍ കനാലിലേക്ക് വീണുമെന്നും താന്‍ നീന്തി രക്ഷപ്പെട്ടുവെന്നും ഒപ്പമുണ്ടായിരുന്ന ശീതള്‍ മുങ്ങിമരിച്ചുവെന്നുമാണ് ഇയാള്‍ ആശുപത്രിയില്‍ പറഞ്ഞിരുന്നത്. തിങ്കളാഴ്ചയോടെയാണ് ശീതളിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയത്. പാനിപ്പത്തില്‍ നിന്ന് 80 കിലോമീറ്ററോളം അകലെ ഖാര്‍ഖോഡയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഹര്യാന്വി മ്യൂസിക് ഇന്‍ഡസ്ട്രിക്കു വേണ്ടി മോഡലായി ജോലി ചെയ്യുന്ന ശീതള്‍ വിവാഹിതയാണ്. അഞ്ച് മാസം പ്രായമുള്ള കുഞ്ഞുമുണ്ട്.