മരട് ഫ്‌ളാറ്റ് പൊളിക്കല്‍: കേസ് ഇന്ന് വീണ്ടും സുപ്രിംകോടതിയില്‍; നടപടികളുടെ പുരോഗതി വിലയിരുത്തും

ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും.

Update: 2019-11-22 03:29 GMT

ന്യൂഡല്‍ഹി: തീരദേശനിയമം ലംഘിച്ച് നിര്‍മിച്ച മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാത്തതുമായി ബന്ധപ്പെട്ട് സ്വമേധയാ രജിസ്റ്റര്‍ചെയ്ത കേസും മേജര്‍ രവിയുടെ കോടതിയലക്ഷ്യഹരജിയും ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ട ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചാണ് രണ്ടുകേസുകളും പരിഗണിക്കുന്നത്. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതിയും സുപ്രിംകോടതി പരിശോധിക്കും. ഫ്‌ളാറ്റുകള്‍ പൊളിച്ചുനീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും.

എല്ലാ ഫ്‌ളാറ്റുടമകള്‍ക്കും 25 ലക്ഷം രൂപവീതം വിതരണം ചെയ്യാന്‍ കഴിഞ്ഞതവണ കേസ് പരിഗണിച്ചപ്പോള്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം എത്ര ഫ്‌ളാറ്റുടമകള്‍ക്ക് തുക നല്‍കി എന്നതടക്കമുള്ള കാര്യങ്ങളും കോടതി പരിശോധിക്കും. നേരത്തെ ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ചവരുത്തിയതിന് ചീഫ് സെക്രട്ടറി ടോം ജോസിനെ സുപ്രിംകോടതി വിളിച്ചുവരുത്തിയിരുന്നു. തുടര്‍ന്ന്, ഫ്‌ളാറ്റുകള്‍ എപ്പോള്‍ പൊളിക്കുമെന്ന വിശദമായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ചു. ഇതിനിടെ, ഒന്നിലേറെ കോടതിയലക്ഷ്യ ഹരജികളും സുപ്രിംകോടതിയിലെത്തി. മരട് ഫ്‌ളാറ്റുകള്‍ തീരദേശനിയമം ലംഘിച്ചത് പരിശോധിക്കാന്‍ നിയോഗിച്ച സമിതിക്കും ചീഫ് സെക്രട്ടറിക്കുമെതിരേയാണ് പരാതികള്‍.

ഗോള്‍ഡന്‍ കായലോരം അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയില്‍ അറ്റോണി ജനറല്‍ കെ കെ വേണുഗോപാല്‍ തീരുമാനമെടുത്തിരുന്നില്ല. വേഗത്തില്‍ തീരുമാനമെടുക്കാന്‍ അദ്ദേഹത്തിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഗോള്‍ഡന്‍ കായലോരത്തിലെ താമസക്കാര്‍ നല്‍കിയ റിട്ട് ഹരജിയും ഇതുവരെ ലിസ്റ്റ് ചെയ്തിട്ടില്ല. അതിനിടെ, ചീഫ് സെക്രട്ടറി ടോം ജോസിനെതിരേ ക്രിമിനല്‍ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള മറ്റൊരു ഹരജിക്ക് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അനുമതി നിഷേധിച്ചു. ഹോളി ഫെയ്ത്ത് ഫഌറ്റ് നിര്‍മാതാവിന്റെ മകളുടെ ഹരജിക്കാണ് സോളിസിറ്റര്‍ ജനറല്‍ അനുമതി നിഷേധിച്ചത്. 

Tags:    

Similar News