ഒരു വർഷം നീണ്ടു നിൽക്കുന്ന 'ആക്ഷൻ' പ്രഖ്യാപിച്ച് മാവോവാദികൾ; നഷ്ടപ്പെട്ട ഇടങ്ങൾ വീണ്ടെടുക്കുമെന്ന്
സിഎംസിയുടെ രേഖ അനുസരിച്ച്, 2001 മുതൽ പിഎൽജിഎയുടെ സായുധ പ്രവർത്തകർ 2958 സൈനികരെ കൊലപ്പെടുത്തുകയും ഏറ്റുമുട്ടലുകളിൽ കേന്ദ്ര, സംസ്ഥാന സേനയിലെ 3507 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു.
റായ്പൂർ: ഇന്ത്യയിലെ നിരോധിത കമ്യൂണിസ്റ്റ് പ്രസ്ഥാനമായ സിപിഐ(മാവോയിസ്റ്റ്) ന്റെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) രൂപീകരണത്തിന്റെ ഇരുപതാം വാർഷികം ഡിസംബർ 2 മുതൽ 'ഒരു വർഷം' നീണ്ടുനിൽക്കുന്ന ആക്ഷൻ പ്രഖ്യാപിച്ചു. തങ്ങളുടെ സൈനിക വിഭാഗത്തിലെ കൊല്ലപ്പെട്ട കേഡർമാരുടെ സ്മരണയ്ക്കായി അവർ സാധാരണയായി എല്ലാ വർഷവും ഒരാഴ്ച്ചയാണ് ആചരിക്കുന്നതാണ് പതിവ്.
സുരക്ഷാ സേനയുടെ നടപടിയിൽ പല മേഖലകളിൽ നിന്നും പിൻവാങ്ങേണ്ടി വന്നെന്നും കേന്ദ്ര സൈനിക കമ്മീഷന്റെ നേതൃത്വത്തിൽ അവ തിരിച്ചുപിടിക്കണമെന്നും സിപിഐ (മാവോയിസ്റ്റ്) പുറത്തിറക്കിയ രേഖയിൽ പറയുന്നതായി ഇന്ത്യൻ എക്സ്പ്രസ് റിപോർട്ട് ചെയ്യുന്നു. പിഎൽജിഎ വാർഷികത്തിന് മുന്നോടിയായി, പിഎംൽജിഎയുടെ ഗറില്ലാ നടപടികളെക്കുറിച്ചുള്ള സമഗ്രമായ ഒരു റിപോർട്ട് സിഎംസി പുറത്തിറക്കി, 2000 ൽ ഇത് ആരംഭിച്ചതു മുതൽ അവരുടെ നേട്ടങ്ങളും ഭാവി പദ്ധതികളും അതിൽ വിശകലനം ചെയ്യുന്നുണ്ട്.
കഴിഞ്ഞ 20 വർഷത്തെ നിലനിൽപ്പിൽ, വിലയേറിയ ആയിരക്കണക്കിന് മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടതിന് പിഎൽജിഎ ഉത്തരവാദിയായിരുന്നുവെന്ന് മാത്രമല്ല, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയ്ക്കുള്ള അവകാശം തദ്ദേശവാസികൾക്ക് നഷ്ടപ്പെടുത്തുകയും ചെയ്തുവെന്ന് ബസ്തർ റേഞ്ച് ഇൻസ്പെക്ടർ ജനറൽ സുന്ദരരാജ് പി പറഞ്ഞു.
സിഎംസിയുടെ രേഖ അനുസരിച്ച്, 2001 മുതൽ പിഎൽജിഎയുടെ സായുധ പ്രവർത്തകർ 2958 സൈനികരെ കൊലപ്പെടുത്തുകയും ഏറ്റുമുട്ടലുകളിൽ കേന്ദ്ര, സംസ്ഥാന സേനയിലെ 3507 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു. സുരക്ഷാ സേനയുടെ ഏജന്റുമാരെന്ന് ആരോപിച്ച് 222 ജനപ്രതിനിധികളേയും 1105 ആളുകളേയും അവർ വധിച്ചു. കഴിഞ്ഞ രണ്ട് ദശകങ്ങളിൽ സേനയ്‌ക്കെതിരായ പോരാട്ടത്തിൽ തങ്ങളുടെ 4483 കേഡർമാരെ (294 പിഎൽജിഎ സഖാക്കൾ ഉൾപ്പെടെ) നഷ്ടപ്പെട്ടതായി അവർ സമ്മതിച്ചു. വിവിധ വിഭാഗങ്ങളിലുള്ള 3208 ആയുധങ്ങളും 152899 വെടിയുണ്ടകളും പിടിച്ചെടുത്തെന്നും റിപോർട്ടിൽ പറയുന്നു.
