ഇരുപത് വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 4739 കേഡറുകളെന്ന് സിപിഐ മാവോയിസ്റ്റ്

ജൻതാന സർക്കാർ പരിധിയിൽ 9053 കുടുംബങ്ങളുള്ള 3507 വില്ലേജുകളുണ്ടെന്ന് പുറത്തിറക്കിയ സുവനീറിൽ പറയുന്നു. ഏകദേശം 15,700 കുടുംബങ്ങൾ ജൻതാന സർക്കാരിന്റെ ഭൂപരിഷ്കരണത്തിന്റെ പ്രയോജനം നേടി

Update: 2021-12-25 13:26 GMT

ഹൈദരാബാദ്: ഇരുപത് വർഷത്തിനിടയിൽ വിവിധ ഏറ്റുമുട്ടലുകളിലായി രാജ്യത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ കൊല്ലപ്പെട്ടത് 4739 കേഡറുകളെന്ന് സിപിഐ മാവോയിസ്റ്റ്. സിപിഐ (മാവോയിസ്റ്റ്) ന്റെ തങ്ങളുടെ സായുധ വിഭാഗമായ പീപ്പിൾസ് ലിബറേഷൻ ഗറില്ല ആർമി (പിഎൽജിഎ) രൂപീകരിച്ചതിന്റെ 20-ാം വാർഷികം പ്രമാണിച്ച് പുറത്തിറക്കിയ സുവനീറിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

104 പേജുള്ള സുവനീർ പാർട്ടിയുടെ സൈനിക കമ്മീഷൻ പുറത്തിറക്കിയതായി സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി വക്താവ് അഭയ് വെള്ളിയാഴ്ച മാധ്യമങ്ങൾക്ക് നൽകിയ ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. മാവോയിസ്റ്റ് പാർട്ടിയുടെ ഗറില്ലാ ആർമിയായ പിഎൽജിഎ 2000 ഡിസംബർ 2 നാണ് രൂപീകരിച്ചത്. 2003 മുതൽ സർക്കാരിന്റെ സായുധ സേനയെ നേരിടുകയും കഴിഞ്ഞ ഒമ്പത് വർഷമായി ഓപറേഷൻ ഗ്രീൻ ഹണ്ടിനെതിരേ പോരാടുകയും അവരെ പരാജയപ്പെടുത്തുന്നതിൽ വിജയിക്കുകയും ചെയ്തതായി അഭയ് പറയുന്നു.

മാവോയിസ്റ്റുകൾ സൽവാ ജുദൂം സേനയെ പരാജയപ്പെടുത്തി. 2017 മെയ് മാസത്തിൽ മോദി സർക്കാർ ഓപറേഷൻ സമാധാൻ ആരംഭിച്ചു. പക്ഷേ, മാവോയിസ്റ്റുകൾ അതിനെതിരേ വിജയകരമായി പോരാടുകയും തങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യുന്നുവെന്ന് അഭയ് ചൂണ്ടിക്കാട്ടുന്നു.

എട്ട് മാസം നീണ്ട 'ഓപറേഷൻ പ്രഹാർ' പരാജയപ്പെട്ടതിനാൽ, 2021 സെപ്തംബർ 26 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറ്റൊരു പദ്ധതി ആവിഷ്കരിക്കുന്നതിനായി മാവോയിസ്റ്റ് ബാധിത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഒരു കൂടിക്കാഴ്ച നടത്തി. എന്നാൽ വിപ്ലവകാരികളും ഇടതുപക്ഷ ശക്തികളും കേന്ദ്രത്തിന്റെ പദ്ധതികളെ പരാജയപ്പെടുത്തുമെന്ന് അഭയ് ചൂണ്ടിക്കാട്ടി.

പുറത്തുവിട്ട രേഖയിൽ 2000 മുതൽ കൊല്ലപ്പെട്ട പാർട്ടി പ്രവർത്തകരുടെ എണ്ണം പട്ടികപ്പെടുത്തിയിട്ടുണ്ട്. 2021 ജൂലൈ വരെ 4572 ചെറുതും ഇടത്തരവും വലുതുമായ ഗറില്ലാ ആക്രമണങ്ങൾ മാവോയിസ്റ്റുകൾ നടത്തി. 2000 ഡിസംബർ മുതൽ 2021 ആ​ഗസ്ത് വരെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ 4739 മാവോയിസ്റ്റ് കേഡർമാരാണ് കൊല്ലപ്പെട്ടത്.

ദണ്ഡകാരണ്യ സോണിൽ ക്രാന്തികാരി ജൻതാന സർക്കാർ പരിധിയിൽ 9053 കുടുംബങ്ങളുള്ള 3507 വില്ലേജുകളുണ്ടെന്ന് പുറത്തിറക്കിയ സുവനീറിൽ പറയുന്നു. ഏകദേശം 15,700 കുടുംബങ്ങൾ ജൻതാന സർക്കാരിന്റെ ഭൂപരിഷ്കരണത്തിന്റെ പ്രയോജനം നേടി. മേഖലയിലെ ജലസേചനാവശ്യങ്ങൾക്കായി 6933 കുളങ്ങൾ നിർമ്മിച്ചതായും രേഖയിൽ പറയുന്നു.