മണ്ണൂത്തി- വടക്കാഞ്ചേരി റോഡ്, കുതിരാനിലെ തുരങ്കം: ദേശീയപാത അതോറിറ്റിയും കേന്ദ്ര വനംവകുപ്പും ഉന്നതതല കൂടിക്കാഴ്ച നടത്തും

ടി എന്‍ പ്രതാപന്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുഗ് വീര്‍ സിങ് സന്ധുവും പ്രോജക്ട് മെമ്പറുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.

Update: 2020-09-16 18:28 GMT

ന്യൂഡല്‍ഹി: ദേശീയപാത 544 മണ്ണൂത്തി- വടക്കാഞ്ചേരി റോഡ് നിര്‍മാണവും കുതിരാനിലെ തുരങ്കങ്ങളുടെ നിര്‍മാണവും പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റിയും കേന്ദ്ര വനംവന്യജീവി വകുപ്പും വെള്ളിയാഴ്ച ഉന്നതതല കൂടിക്കാഴ്ച നടത്തും. ഇതുസംബന്ധിച്ച് ടി എന്‍ പ്രതാപന്‍, വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് തുടങ്ങിയവര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ സുഗ് വീര്‍ സിങ് സന്ധുവും പ്രോജക്ട് മെമ്പറുമായി കൂടിക്കാഴ്ച നടത്തിയതിനെ തുടര്‍ന്നാണ് തീരുമാനം. കേരളത്തിലെ ആദ്യത്തെ ആറുവരിപ്പാത ദേശീയപാത പ്രോജക്ടായ മണ്ണൂത്തി- വടക്കാഞ്ചേരി റോഡുകളുടെയും കുതിരാനിലെ തുരങ്കങ്ങളുടെയും നിര്‍മാണം എത്രയുംവേഗം പൂര്‍ത്തിയാക്കുന്നതിനുള്ള നടപടികളുണ്ടായില്ലെങ്കില്‍ എന്‍എച്ച്എഐ ആസ്ഥാനത്ത് എംപിമാര്‍ കുത്തിയിരുപ്പ് സമരം നടത്തുമെന്ന മുന്നറിയിപ്പോടെയാണ് ചര്‍ച്ച ആരംഭിച്ചത്.

കൂടിക്കാഴ്ചയ്ക്കിടെ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ വനംവന്യജീവി വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ച് വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്താന്‍ ധാരണയായി. ഈവര്‍ഷം ഡിസംബറോടുകൂടി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ലോകസഭയില്‍ രേഖാമൂലം ഉറപ്പുനല്‍കിയതായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ നിശ്ചിതസമയത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാവില്ലെന്ന് എംപിമാര്‍ എന്‍എച്ച്എഐ ചെയര്‍മാനെ ബോധിപ്പിച്ചു.

90% പണികളും പൂര്‍ത്തിയായ കുതിരാനിലെ തുരങ്കങ്ങള്‍ ഇപ്പോഴും പൊതുഗതാഗത്തിന് തുറന്നുകൊടുത്തിട്ടില്ല. റോഡിലാക്കട്ടെ അറ്റകുറ്റപ്പണികള്‍ നടത്താതെയും കാനനിര്‍മാണം അവതാളത്തിലാക്കിയും സമാന്തരറോഡുകള്‍ ഗതാഗതയോഗ്യമല്ലാതെയും കിടക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. ദിനേന ശരാശരി അഞ്ചുമണിക്കൂര്‍ മുതല്‍ പത്തുമണിക്കൂര്‍ വരെ ഗതാഗത തടസ്സം അനുഭവപ്പെടുന്നതാണ് സ്ഥിതി. ഗതാഗത തടസ്സവും റോഡുകളുടെ ശോചനീയാവസ്ഥയും ബോധിപ്പിക്കാന്‍ എംപിമാര്‍ വീഡിയോ ദൃശ്യങ്ങളും പ്രദര്‍ശിപ്പിച്ചു.

ആയിരക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ട് കരാര്‍ കമ്പനി നിര്‍മാണപ്രവര്‍ത്തങ്ങള്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞഅവസ്ഥയാണെന്നും എംപിമാര്‍ ആരോപിച്ചു. ഇതുസംബന്ധിച്ച് പ്രതാപനും രമ്യയും ശ്രീകണ്ഠനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കും കത്ത് നല്‍കിയിരുന്നു. വെള്ളിയാഴ്ച് നടക്കുന്ന ദേശീയപാത അതോറിറ്റിയുടെയും വനം വന്യജീവി വകുപ്പിന്റെയും ഉന്നതതല യോഗത്തിന് ശേഷം തിങ്കളാഴ്ച എംപിമാരുമായി വീണ്ടും യോഗം ചേരാമെന്നും അതില്‍ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് തിയ്യതികള്‍ അടക്കമുള്ള വിവരങ്ങള്‍ അറിയിക്കാമെന്നും ചെയര്‍മാന്‍ എംപിമാര്‍ക്ക് ഉറപ്പുനല്‍കി. 

Tags:    

Similar News