മംഗളൂരുവില്‍ അരങ്ങേറിയത് യുപി മോഡല്‍ പോലിസ് രാജ്: ജസ്റ്റിസ് ഗോപാല

പോലിസ് ഭീകരതയുടെ യഥാര്‍ഥവസ്തുതകള്‍ പുറത്തുവരാതിരിക്കാനാണ് ജനകീയ തെളിവെടുപ്പ് പോലിസ് തടഞ്ഞത്. പോലിസ് നടപടി ഹീനമാണ്. പൗരാവകാശങ്ങളെ ഹനിക്കുന്ന നടപടികളാണ് മംഗളൂരു പോലിസിന്റേത്.

Update: 2020-01-07 17:34 GMT
ശ്രീനിവാസ റാവു മാധ്യമങ്ങളോട് സംസാരിക്കുന്നു

പി സി അബ്ദുല്ല

മംഗളൂരു: മംഗളൂരുവിലെ പോലിസ് അതിക്രമം ഭീകരമെന്ന് റിട്ട.സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് വി ഗോപാല. ജനകീയ ട്രൈബ്യൂണല്‍ തെളിവെടുപ്പ് പോലിസ് ഇടപെട്ട് തടഞ്ഞതിനുശേഷം മംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍ സുപ്രിംകോടതി ജസ്റ്റിസിന്റെ അനുഭവം ഇതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താവുമെന്ന് അദ്ദേഹം ആരാഞ്ഞു. പോലിസ് ഭീകരതയുടെ യഥാര്‍ഥവസ്തുതകള്‍ പുറത്തുവരാതിരിക്കാനാണ് ജനകീയ തെളിവെടുപ്പ് പോലിസ് തടഞ്ഞത്. പോലിസ് നടപടി ഹീനമാണ്. പൗരാവകാശങ്ങളെ ഹനിക്കുന്ന നടപടികളാണ് മംഗളൂരു പോലിസിന്റേത്. ഡിസംബര്‍ 19ലെ അനിഷ്ടസംഭവങ്ങള്‍ക്ക് പോലിസ് മാത്രമാണ് ഉത്തരവാദി. പോലിസ് ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ചതാണ്. ജനങ്ങളെ എളുപ്പം നിയന്ത്രിക്കാമായിരുന്നിട്ടും വെടിയുതിര്‍ത്തതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ജസ്റ്റിസ് ഗോപാല പറഞ്ഞു.

മംഗളൂരുവില്‍ അരങ്ങേറിയത് പോലിസിന്റെ കാടത്തമാണെന്ന് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സുഗത ശ്രീനിവാസറാവു പറഞ്ഞു. അക്രമത്തിനുത്തരവാദികളായ പോലിസുദ്യോഗസ്ഥരെ സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ഡിസംബര്‍ 19ലെ പോലിസ് വെടിവയ്പിനെക്കുറിച്ചുള്ള മജിസ്‌ട്രേറ്റ് തല അന്വേഷണം ഇരകള്‍ ബഹിഷ്‌കരിച്ചു. അന്വേഷണത്തിന് സര്‍ക്കാര്‍ നിയോഗിച്ച ഉടുപ്പി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ജി ജഗദീശ് ചൊവ്വാഴ്ച മംഗളൂരു മിനി വിധാന്‍ സൗദയില്‍ ദൃക്‌സാക്ഷികളില്‍നിന്ന് തെളിവെടുക്കാന്‍ കാത്തിരുന്നെങ്കിലും ഇരകളുടെ ഭാഗത്തുനിന്ന് ആരുമെത്തിയില്ല. പോലിസുകാര്‍ക്ക് ചൊവ്വാഴ്ച ഹാജരാവാന്‍ നോട്ടീസ് നല്‍കിയിരുന്നില്ല. 

Tags: