ഭാര്യയുമായി വഴക്കിട്ട യുവാവിന്റെ ഭീഷണി; 'വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തും'
മുംബൈ: മുംബൈ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. 35 കാരനായ മഞ്ജീത് കുമാര്‍ ഗൗതം എന്ന യുവാവിനെയാണ് പോലിസ് വ്യാജ ഭീഷണിയുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. രാവിലെയാണ് തയ്യല്‍ക്കാരനായ ഇയാള്‍ ഭീഷണി മുഴക്കിയത്. പിന്നീട് ഇയാളുടെ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷത്തിലാണ് മഞ്ജീത കുമാര്‍ ഗൗതമിനെ പോലിസ് കണ്ടെത്തിയത്. ഭാര്യയുമായി വഴക്കിട്ടതിന് ശേഷം രോഷാകുലനായ മഞ്ജീത് വിമാനത്താവളത്തിലേക്ക് ഫോണ്‍ വിളിച്ച് ഭീഷണി മുഴക്കുകയായിരുന്നു. എനിക്ക് ജയിലിലേക്ക് പോവണം. എനിക്ക് മരിക്കണം എന്ന് പറഞ്ഞതിന് ശേഷമാണ് ഇയാള്‍ സ്‌ഫോടന ഭീഷണി നടത്തിയത്. ഇയാളെ കസ്റ്റഡിയില്‍ എടുത്തതിന് ശേഷം കൂടുതല്‍ ചോദ്യം ചെയ്യലിനായി ആസാദ് മൈതാന്‍ പോലിസിന് കൈമാറി.