മകളുടെ വിവാഹമാണ്, 'ബിജെപി-ആര്‍എസ്എസ്' നേതാക്കള്‍ പങ്കെടുക്കരുത്; വിവാഹ ക്ഷണക്കത്ത് വൈറല്‍

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഡിസംബര്‍ ഒന്നാം തിയ്യതിയാണ് മകളുടെ വിവാഹം.

Update: 2021-11-25 12:56 GMT

ഛണ്ഡിഗഡ്: ചിലപ്പോള്‍ രാഷ്ട്രീയപരമായ പല കാഴ്ചപ്പാടുകളും ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യങ്ങളിലും പ്രതിഫലിച്ചേക്കാം. അതിന് ഉത്തമ ഒരു ഉദാഹരണമാണ് ഹരിയാന സ്വദേശിയുടെ ജീവിതത്തില്‍ ഈയിടെ ഉണ്ടായത്. മകളുടെ വിവാഹ ക്ഷണക്കത്താണ് തന്റെ രാഷ്ട്രീയ വിരോധം തുറന്നുകാട്ടാന്‍ അദ്ദേഹം ഉപയോഗിച്ചത്.

വിശ്വവീര്‍ ജാട്ട് മഹാസഭ ദേശീയ പ്രസിഡന്റും ജയ് ജവാന്‍ ജയ് കിസാന്‍ മസ്ദൂര്‍ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ രാജേഷ് ധങ്കാര്‍ ആണ് വൈറലായ വിവാഹക്ഷണക്കത്തിന് പിന്നിൽ. മകളുടെ വിവാഹത്തിന് വേണ്ടി തയ്യാറാക്കിയ ക്ഷണക്കത്തില്‍ ബിജെപി, ആര്‍എസ്എസ്, ജെജെപി പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്ന് പ്രത്യേകമായി അച്ചടിച്ചിരിക്കുകയാണ് അദ്ദേഹം.

വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങളോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാന്‍ ആണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഡിസംബര്‍ ഒന്നാം തിയ്യതിയാണ് മകളുടെ വിവാഹം. വാര്‍ത്താ ഏജന്‍സിയായ യുഎന്‍ഐയാണ് ഇത് സംബന്ധിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്. ധങ്കാറിന്റെ കുടുംബം വിവാഹ ക്ഷണക്കത്തിന്റെ കാര്യം സ്ഥിരീകരിച്ചതായും യുഎന്‍ഐ റിപോര്‍ട്ട് ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രഖ്യാപിക്കുന്നതിന് മുമ്പായിരുന്നു വിവാഹ ക്ഷണക്കത്ത് അച്ചടിച്ചത്. അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലെന്നും കൂടുതല്‍ കാര്‍ഡുകള്‍ അച്ചടിക്കുകയായിരുന്നെന്നും ധങ്കാര്‍ പറഞ്ഞു. കര്‍ഷകരുടെ പ്രധാന ആവശ്യം അവരുടെ വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുക എന്നതാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ മൂന്ന് ലക്ഷത്തിലധികം കര്‍ഷകര്‍ കടബാധ്യതയും മറ്റും കാരണം ആത്മഹത്യ ചെയ്‌തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar News