പശുവിനെ കശാപ്പിനു കൊണ്ടുപോകുന്നെന്നാരോപിച്ച് മുസ്ലിം യുവാവിന് നേരെ രാജസ്ഥാനിൽ ഹിന്ദുത്വ ആക്രമണം
ഗ്രാമവാസികൾ സംഘടിച്ചപ്പോൾ രണ്ടുപേർ രക്ഷപ്പെടുകയും, മൂന്നാമനായ അൻസാർ പിടിക്കപ്പെടുകയായിരുന്നു എന്നാണ് പോലിസ് ഭാഷ്യം.
ജയ്പൂർ: പശുവിനെ കശാപ്പിനു കൊണ്ടുപോകുന്നെന്നാരോപിച്ച് മുസ്ലിം യുവാവിന് നേരെ രാജസ്ഥാനിൽ ഹിന്ദുത്വ ആക്രമണം. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അറവുശാലയിലേക്ക് കാളയെ കൊണ്ടുപോകുന്നെന്നാരോപിച്ചാണ് യുവാവിനു നേരേ ആക്രമണം ഉണ്ടായത്.
ഭിവടിയിലെ ഖൈർത്താൽ പോലിസ് സ്റ്റേഷൻ പരിസരത്താണ് ശനിയാഴ്ച മൂന്ന് പേർ മൃഗത്തെ അറവുശാലയിലേക്ക് കൊണ്ടുപോയതെന്ന് എസ്എച്ച്ഒ ദാര സിങ് പറഞ്ഞു. ഗ്രാമവാസികൾ സംഘടിച്ചപ്പോൾ രണ്ടുപേർ രക്ഷപ്പെടുകയും, മൂന്നാമനായ അൻസാർ പിടിക്കപ്പെടുകയായിരുന്നു എന്നാണ് പോലിസ് ഭാഷ്യം.
ഗ്രാമവാസികൾ അൻസാറിനെ വൈദ്യുത തൂണിൽ കെട്ടിയിട്ട് തല്ലിച്ചതയ്ക്കുകയും സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്തതായി എസ്എച്ച്ഒ പറഞ്ഞു. അൻസാറിനെതിരേ ശനിയാഴ്ച മൃഗ സംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.
അൻസാറിനെ മർദ്ദിച്ച നാലുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നാണ് പോലിസിൽ നിന്ന് ലഭിക്കുന്ന വിവരം. എന്നാൽ ആക്രമികൾക്കെതിരേ ഇതുവരെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.