ഗുജറാത്ത് ഉപമുഖ്യമന്ത്രിയെ ഷൂ എറിഞ്ഞ ബിജെപി വിമതന്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന് പോലിസ്

Update: 2020-10-28 15:34 GMT

അഹമ്മദാബാദ്: ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ പട്ടേലിനു നേരെ ഷൂ എറിഞ്ഞയാളെ പോലിസ് അറസ്റ്റ് ചെയ്തു. ഷിനോര്‍ താലൂക്ക് നിവാസിയായ രശ്മിന്‍ പട്ടേലിനെയാണ് അറസ്റ്റ് ചെയ്തതെന്നു വഡോദര ജില്ലാ പോലീസ് പറഞ്ഞു. ഇയാള്‍ ബിജെപി വിമതനാണെന്നു കോണ്‍ഗ്രസ് അവകാശപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്നു പോലിസും ബിജെപിയും ആരോപിച്ചു. തിങ്കളാഴ്ച വൈകീട്ട് വഡോദര ജില്ലയില്‍ നിതിന്‍ പട്ടേല്‍ ഉപതിരഞ്ഞെടുപ്പ് റാലിക്കുശേഷം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഷൂ എറിഞ്ഞത്. നിതിന്‍ പട്ടേലില്‍ നിന്ന് ഏതാനും ഇഞ്ച് അകലെയാണ് ഷൂ വീണത്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ നിന്നു കണ്ടെത്തിയ ഓഡിയോ ക്ലിപ്പില്‍ അദ്ദേഹത്തിന്റെ പദ്ധതി വിജയകരമായി തുടര്‍ന്നതായി കേള്‍ക്കാം. സംഭവത്തില്‍ മറ്റുള്ളവര്‍ പങ്കാളികളാണോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പോലിസ് സൂപ്രണ്ട് സുധീര്‍ ദേശായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    രശ്മിന്‍ പട്ടേല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണെന്ന പോലിസ് വാദം നിഷേധിച്ച സംസ്ഥാന കോണ്‍ഗ്രസ് വക്താവ് മനീഷ് ദോഷി ഇതുസംബന്ധിച്ച ചില തെളിവുകള്‍ മാധ്യമങ്ങളുമായി പങ്കുവച്ചു. രശ്മിന്‍ പട്ടേല്‍ ബിജെപി പ്രവര്‍ത്തകനാണെന്നും വിമത വിഭാഗത്തില്‍പെട്ടയാളാണെന്നും ബിജെപിയുടെ ആഭ്യന്തര പ്രശ്‌നമാണ് പിന്നിലെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുജറാത്ത് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക രേഖ പ്രകാരം 2010ല്‍ ബിജെപി ടിക്കറ്റില്‍ ഷിനോര്‍ താലൂക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രശ്മിന്‍ പട്ടേല്‍ വിജയിച്ചിട്ടുണ്ട്. 2010നും 2013നും ഇടയില്‍ ഷിനോര്‍ താലൂക്ക് പഞ്ചായത്തിന്റെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനായും ബിജെപി അദ്ദേഹത്തെ നിയമിച്ചിരുന്നതായും ദോഷി പറഞ്ഞു.

    എന്നാല്‍, രശ്മിന്‍ പട്ടേല്‍ കോണ്‍ഗ്രസിനൊപ്പമാണെന്നും പ്രതിപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി കര്‍ജാന്‍ നിയമസഭാ സീറ്റില്‍ നിന്ന് മല്‍സരിച്ച അക്ഷയ് പട്ടേലിന്റെ പ്രചാരണത്തില്‍ പങ്കാളിയായിരുന്നുവെന്നും ഭരണകക്ഷിയായ ബിജെപി ആരോപിച്ചു. രശ്മിന്‍ പട്ടേല്‍ ബിജെപിക്കൊപ്പം ഇല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അക്ഷയ് പട്ടേലിനു വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നവംബര്‍ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എട്ട് നിയമസഭാ സീറ്റുകളില്‍ ഒന്നാണ് കര്‍ജന്‍. അക്ഷയ് പട്ടേല്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് അനിവാര്യമായത്. അക്ഷയ് പട്ടേല്‍ 2017ല്‍ കര്‍ജനില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ബിജെപി അദ്ദേഹത്തെ അതേ സീറ്റില്‍ തന്നെ സ്ഥാനാര്‍ഥിയാക്കിയിരിക്കുകയാണ്.

Man Arrested For Throwing Shoe At Gujarat Deputy Chief Minister: Police




Tags: