അധികാരത്തില്‍ മമത ബാനര്‍ജിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരാശയെയാണ് കാണിക്കുന്നത്

Update: 2020-10-08 17:39 GMT

ന്യൂഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരേയുള്ള നടപടികള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നിരാശയെയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സമാധാനപരമായി പ്രതിഷേധിച്ചവരെ മര്‍ദ്ദിക്കുക, നാടന്‍ ബോംബ് എറിയുക, പ്രതിഷേധ മാര്‍ച്ചിന് നേരെ ജലപീരങ്കി പ്രയോഗിക്കുക എന്നിവ മമത ബാനര്‍ജിയുടെ നിരാശയാണ് കാണിക്കുന്നത്. കാരണം അധികാരത്തില്‍ അവരുടെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് അവര്‍ക്കറിയാം. അവരുടെ സ്വേച്ഛാധിപത്യ സര്‍ക്കാരിനെ പുറത്താക്കാന്‍ ബംഗാളിലെ ജനങ്ങള്‍ മനസ്സില്‍ നിശ്ചയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

പശ്ചിമ ബംഗാള്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി പ്രവര്‍ത്തകരും പോലിസും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജും കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സംസ്ഥാനത്തെ ക്രമസമാധാനനില തകരാറിലാണെന്ന് ആരോപിച്ചാണ് ഹൗറയില്‍നിന്നും കൊല്‍ക്കത്തയില്‍ നിന്നുമുള്ള നൂറുകണക്കിന് പ്രതിഷേധക്കാര്‍ സെക്രട്ടേറിയേറ്റിനു മുന്നിലേക്ക് എത്തിയത്.