ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി; നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് മമതാ ബാനര്‍ജി

Update: 2024-12-07 10:27 GMT

ന്യൂഡല്‍ഹി: അവസരം ലഭിച്ചാല്‍ ഇന്ത്യ മുന്നണിയുടെ നേതൃത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രതികരിക്കുകയായിരുന്നു മമതാ ബാനര്‍ജി. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും മമതാ ബാനര്‍ജി പറഞ്ഞു.

പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ ബംഗാള്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. ഇന്ത്യ സഖ്യം രൂപവത്കരിച്ചത് താനാണെന്നും മമതാ ബാനര്‍ജി പറഞ്ഞു. എന്നാല്‍ അത് കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം ഇപ്പോള്‍ മുന്‍നിരയിലുള്ളവര്‍ക്കാണ്. അവര്‍ക്ക് അത് സാധിക്കുന്നില്ലെങ്കില്‍ താന്‍ എന്ത് ചെയ്യാനാണെന്നും മമതാ ബാനര്‍ജി ചോദിച്ചു.


എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അവസരം ലഭിച്ചാല്‍ പ്രതിപക്ഷ സഖ്യത്തിന്റെ സുഗമമായ പ്രവര്‍ത്തനം താന്‍ ഉറപ്പാക്കും. താന്‍ നേതൃത്വം ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. ബംഗാളിന് പുറത്തേക്കു പോകാന്‍ തനിക്ക് താല്‍പര്യമില്ലെന്നും ഇന്ത്യാസഖ്യത്തിന്റെ പ്രവര്‍ത്തനം അവിടെനിന്നുകൊണ്ടുതന്നെ നിയന്ത്രിക്കുമെന്നും ബംഗാള്‍ മുഖ്യമന്ത്രി വ്യക്തമാക്കി.