പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രമില്ലെന്ന് മമത ബാനര്‍ജി

Update: 2019-05-25 14:53 GMT

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായി തുടരാന്‍ ആഗ്രമില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി. തീരുമാനം പാര്‍ട്ടിയെ അറിയിച്ചതായും മമത പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്ന് ശേഷം ആദ്യമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതാ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച മമത, പാര്‍ട്ടി അധ്യക്ഷയായി താന്‍ തുടരുമെന്നും അറിയിച്ചു. തനിക്ക് വലുത് പാര്‍ട്ടിയാണന്നും കസേരയിലിരിക്കാനുള്ള പദവി അര്‍ഹിക്കുന്നില്ലായെന്നും മമത വ്യക്തമാക്കി. ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും നേട്ടമുണ്ടാക്കിയ സംസ്ഥാനങ്ങളിലൊന്നായിരുന്നു ബംഗാള്‍. ഇപ്പോള്‍18 എംപിമാരാണ് ബിജെപിക്ക് ബംഗാളില്‍ നിന്നുള്ളത്. പശ്ചിമബംഗാളില്‍ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ തോതില്‍ പണമൊഴുക്ക് ഉണ്ടായെന്നും മമത ആരോപിച്ചു. പണവും അധികാരവും ദുരുപയോഗം ചെയ്താണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഇതിനുള്ള വ്യക്തമായ തെളിവുകള്‍ വരും ദിവസങ്ങളില്‍ പുറത്തുവിടുമെന്നും മമത മുന്നറിയിപ്പ് നല്‍കി. മോദിയുടെ വിജയത്തിന് പിന്നില്‍ വിദേശ ശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും മമത കൂട്ടിച്ചേര്‍ത്തു. പലരുടെയും ബാങ്കില്‍ അനധികൃതമായി പണം എത്തി. വര്‍ഗീയതരത്തിലുള്ള പ്രചാരണത്തിനായി ഇലക്ഷന്‍ കമ്മീഷനെ പോലും ബിജെപി നിയന്ത്രിച്ചുവെന്നും മമത കുറ്റപ്പെടുത്തി.കേന്ദ്രത്തിന്റെ സേനകള്‍ ഞങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ബംഗാളില്‍ ബിജെപി അടിയന്തരാവസ്ഥ സൃഷ്ടിച്ചു. സമൂഹത്തില്‍ ഹിന്ദു-മുസ് ലിം ധ്രുവീകീരണം ഉണ്ടാക്കി വോട്ടുകള്‍ അവര്‍ വിഘടിപ്പിച്ചു. ഇതെല്ലാം ചൂണ്ടിക്കാട്ടി ഞങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി, എന്നാല്‍ നടപടിയൊന്നും ഉണ്ടായിരുന്നില്ല' മമത പറയുന്നു. പാർലമെന്റിൽ ബംഗാളില്‍ നിന്നും 34 സീറ്റുകളുണ്ടായ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് ഈ തിരഞ്ഞെടുപ്പിൽ നേടാനായത് 22 സീറ്റുകളാണ്.




Similar News