മോദി വിളിച്ച യോഗം മമത ബഹിഷ്‌കരിച്ചു; ബംഗാള്‍ ചീഫ് സെക്രട്ടറിയെ തിരിച്ചുവിളിച്ച് കേന്ദ്രം, പുതിയ പോര്‍മുഖം തുറക്കുന്നു

Update: 2021-05-28 19:35 GMT

ന്യൂഡല്‍ഹി: യാസ് ചുഴലിക്കൊടുങ്കാറ്റ് വിതച്ച നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേര്‍ത്ത യോഗം ബഹിഷ്‌കരിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പശ്ചിമ ബംഗാളിലും ഓഡീഷയിലും ചുഴലിക്കൊടുങ്കാറ്റ് നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ ബംഗാളിലെത്തിയ മോദിയെ നേരില്‍കണ്ട് നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് കൈമാറിയ ശേഷമായിരുന്നു അവലോകന യോഗത്തില്‍ പങ്കെടുക്കാതെ മമത മടങ്ങിയത്. പ്രധാനമന്ത്രിയും ഗവര്‍ണറും അരമണക്കൂര്‍ കാത്തിരുന്നിട്ടും മമത പങ്കെടുത്തില്ല. ബംഗാള്‍ സര്‍ക്കാരിനായി ചീഫ് സെക്രട്ടറിയാണ് യോഗത്തില്‍ പങ്കെടുത്തത്. മമത അവലോകന യോഗം ബഹിഷ്‌കരിച്ചതോടെ കേന്ദ്രസര്‍ക്കാരും ബംഗാളും തമ്മില്‍ വീണ്ടുമൊരു പോരിന് വഴിമരുന്നിട്ടിരിക്കുകയാണ്.

വെസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ കലൈകുന്ദ വ്യോമതാവളത്തിലെത്തിയ പ്രധാനമന്ത്രി മോദിയുമായി മമത കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 15 മിനിറ്റ് നീണ്ടു. എന്നാല്‍, ഇതിനുശേഷം നടക്കേണ്ടിയിരുന്ന അവലോകന യോഗത്തിനു മമത കാത്തുനിന്നില്ല. 'താങ്കള്‍ക്ക് എന്നെ കാണണമെന്ന് അറിയിച്ചതിനാലാണ് വന്നത്. ഈ റിപോര്‍ട്ട് താങ്കള്‍ക്കുമുന്നില്‍ സമര്‍പ്പിക്കാന്‍ ഞാനും ചീഫ് സെക്രട്ടറിയും ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഞങ്ങള്‍ക്ക് മറ്റൊരു യോഗത്തില്‍ പങ്കെടുക്കേണ്ടതുണ്ട്. അതിന് പോവാനുള്ള അനുമതി നല്‍കണം', എന്ന് മമത അറിയിക്കുകയും യോഗത്തില്‍ പങ്കെടുക്കാതെ മടങ്ങുകയും ചെയ്‌തെന്നാണ് റിപോര്‍ട്ട്. പ്രധാനമന്ത്രി വിളിച്ച യോഗം സംബന്ധിച്ച് തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്ന് മമത പറഞ്ഞു.

ദിഗയില്‍ ഒരു യോഗമുണ്ടായിരുന്നു. കലൈകുന്ദയിലെത്തി നാശനഷ്ടങ്ങളുടെ റിപോര്‍ട്ട് കൈമാറി. 20,000 കോടി രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ അനുമതിയോടെ മടങ്ങിയതായി മമത എഎന്‍ഐയോട് പറഞ്ഞു. മമതയുടെ പെരുമാറ്റം 'കാര്‍ക്കശ്യവും അഹങ്കാരവും' നിറഞ്ഞതായിരുന്നെന്ന് കേന്ദ്രസര്‍ക്കാര്‍ കുറ്റപ്പെടുത്തി. ഇത്തരമൊരു പ്രകൃതി ദുരന്തസമയത്തുപോലും മമതയുടെ പ്രതികരണം പരിതാപകരവും നിലവാരം കുറഞ്ഞ രാഷ്ട്രീയലക്ഷ്യത്തോടെയുള്ളതുമാണ്. യോഗത്തിന് പ്രധാനമന്ത്രി എത്തിയപ്പോള്‍ ബംഗാള്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ ആരുമുണ്ടായിരുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബംഗാള്‍ ചീഫ് സെക്രട്ടറി അലാപന്‍ ബന്ദോപാധ്യയെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചുവിളിച്ചു. നാല് ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹത്തിന്റെ കാലാവധി മൂന്ന് മാസം കൂട്ടി കേന്ദ്രം നീട്ടിനല്‍കിയിരുന്നു. തിങ്കളാഴ്ച രാവിലെ ബന്ദോപാധ്യയെ ഡല്‍ഹിയിലെ പഴ്‌സനല്‍ മന്ത്രാലയത്തിലേക്ക് തിരിച്ചയക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. നിയമപ്രകാരം ഡല്‍ഹിയിലേക്ക് തിരിച്ചയക്കുന്നതിനു മുമ്പ് മമത ബാനര്‍ജി സര്‍ക്കാരിന് ആദ്യം ചീഫ് സെക്രട്ടറിയെ ഒഴിവാക്കേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് മോദിയും മമതയും കൂടിക്കാഴ്ച നടത്തുന്നത്.

Tags: