ന്യൂഡല്‍ഹി:ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി കോണ്‍ഗ്രസ് ദേശീയ വക്താവ് ഗൗരവ് വല്ലഭ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അയച്ച കത്തില്‍ പാര്‍ട്ടിയുടെ ദിശാബോധമില്ലായ്മയില്‍ അതൃപ്തി രേഖപ്പെടുത്തിയ ഗൗരവ് വല്ലഭ്, ജാതി സെന്‍സസ് പോലുള്ള കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ല എന്നും വ്യക്തമാക്കി. കൂടാതെ തനിക്ക് സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
''കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഇന്നത്തെ ദിശാബോധമില്ലാത്ത യാത്രയില്‍ ഞാന്‍ അസ്വസ്ഥനാണ്. സനാതന വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്താനോ രാജ്യത്തിന്റെ സമ്പത്ത് സ്രഷ്ടിച്ചവരെ അധിക്ഷേപിക്കാനോ എനിക്ക് കഴിയില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും ഞാന്‍ രാജിവെക്കുകയാണ്. ,'' ഗൗരവ് സാമൂഹികമാധ്യമമായ എക്‌സില്‍ കുറിച്ചു.
മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള പ്രചാരണം കൈകാര്യം ചെയ്തിരുന്ന ഗൗരവ് വല്ലഭ് സാമ്പത്തിക വിഷയങ്ങളില്‍ കോണ്‍ഗ്രസിനെ നയിച്ചിരുന്ന വ്യക്തി കൂടിയാണ്. 2023 ല്‍ രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉദയ്പൂര്‍ മണ്ഡലത്തില്‍ നിന്ന് അദ്ദേഹം മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് 32,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. 2019-ല്‍ ജംഷഡ്പൂര്‍ ഈസ്റ്റില്‍ തിരഞ്ഞെടുപ്പിലൂടെ അരങ്ങേറ്റം കുറിച്ച ഗൗരവ് ജാര്‍ഖണ്ഡ് മുന്‍ മുഖ്യന്ത്രി രഘുബര്‍ ദാസുമായി ഏറ്റുമുട്ടിയെങ്കിലും മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. 18,000 വോട്ട് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്.
