മലേഗാവ് സ്ഫോടനം: എല്ലാ പ്രതികളോടും ഡിസംബർ 3 ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി

സ്ഫോടനത്തിന് ഉപയോ​ഗിച്ച ബൈക്ക് പ്രജ്ഞ സിങ് താക്കൂറിന്റേതാണെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

Update: 2020-12-01 14:53 GMT

മുംബൈ: 2008 ലെ മലേഗാവ് സ്‌ഫോടനക്കേസിൽ വിചാരണ നേരിടുന്ന പ്രതികൾ പ്രത്യേക എൻ‌ഐ‌എ കോടതിക്ക് മുമ്പാകെ ഡിസംബർ 3 ന് ഹാജരാകാൻ ആവശ്യപ്പെട്ട് കോടതി. ബിജെപി എം‌പി പ്രജ്ഞ സിങ് താക്കൂർ, ലഫ്റ്റനന്റ് കേണൽ പ്രസാദ് പുരോഹിത് എന്നിവരടക്കം ഏഴ് പ്രതികളോടാണ് ഡിസംബർ 3 ന് ഹാജരാകാനാണ് നിർദേശം നൽകിയിരിക്കുന്നത്.

കേസിൽ ദൈനംദിന വിചാരണ ആവശ്യപ്പെട്ട് ഇരയുടെ കുടുംബത്തിലെ ഒരാളുടെ അപേക്ഷയിലാണ് കോടതിയുടെ നിർദേശം. എല്ലാ പ്രതികളോടും വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കാൻ ജഡ്ജി പി ആർ സിത്രെ ആവശ്യപ്പെട്ടു. എൻഐഎ വേഗത്തിൽ വിചാരണ നടത്താൻ തയ്യാറാണെന്നും എന്നാൽ സാക്ഷികളെ കണ്ടെത്തേണ്ടതുണ്ടെന്നും ഇത് ശ്രമകരമായ കാര്യമാണെന്നും കോടതിയെ എൻഐഎ അറിയിച്ചു.

2008 സെപ്തംബർ 29 ന് വടക്കൻ മഹാരാഷ്ട്രയിലെ മുംബൈയിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള മലേഗാവ് എന്ന പട്ടണത്തിന് സമീപം മോട്ടോർ സൈക്കിളിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് ആറ് പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതാണ് കേസ്. സ്ഫോടനത്തിന് ഉപയോ​ഗിച്ച ബൈക്ക് പ്രജ്ഞ സിങ് താക്കൂറിന്റേതാണെന്ന് നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

യു‌എ‌പി‌എ സെക്ഷൻ 16, 18 വകുപ്പുകൾ, ഇന്ത്യൻ ശിക്ഷാ നിയമം 120 (ബി) (ക്രിമിനൽ ഗൂഡാലോചന), 302 (കൊലപാതകം), 307 (കൊലപാതകശ്രമം), 324, 153 (എ) തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്.