ധര്‍മ്മസ്ഥല ദുരൂഹ മരണങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം; പരാതി 39 വര്‍ഷം മുമ്പ് നടന്ന വിദ്യാര്‍ഥിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്
ബംഗളൂരു: കര്‍ണാടകയിലെ ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ വേഗത്തിലുള്ള അന്വേഷണം ആവശ്യപ്പെട്ട് മലയാളി കുടുംബം. നേത്രാവതി പുഴയോരത്ത് 39 വര്‍ഷം മുമ്പ് മരിച്ച നിലയില്‍ കണ്ടെത്തിയ അന്ന് വിദ്യാര്‍ഥിനിയായിരുന്ന പത്മലതയുടെ കുടുംബമാണ് പോലിസിനെ സമീപിച്ചിരിക്കുന്നത്. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിനിയായിരുന്ന പത്മലതയെ കാണാതായി 53 ദിവസത്തിന് ശേഷമാണ് നേത്രാവതി പുഴയില്‍ നിന്ന് അസ്ഥികൂടമായി കണ്ടെത്തിയത്.
കൊലപാതകമെന്ന് പോലിസ് കണ്ടെത്തിയെങ്കിലും പ്രതികളെ കണ്ടെത്താനാവാത്തതിനാല്‍ കേസ് എഴുതിത്തള്ളേണ്ടി വരികയായിരുന്നു. അതേസമയം ധര്‍മസ്ഥല കേസില്‍ നടുക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളി പോലിസില്‍ നല്‍കിയ മൊഴിയുടെ പകര്‍പ്പ് പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയല്‍ സംസ്ഥാനത്ത് 11 വര്‍ഷമായി ഒളിവില്‍ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. സത്യം തെളിയിക്കാന്‍ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലിസില്‍ നല്‍കിയ മൊഴിയില്‍ ഉണ്ട്.