മഹാരാഷ്ട്രയില്‍ സിക്ക വൈറസ് സ്ഥിരീകരിച്ചു; ആദ്യകേസ് പൂനെയില്‍

Update: 2021-08-01 02:04 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ആദ്യമായി സിക്ക വൈറസ് ബാധ സ്ഥിരീകരിച്ചു. പൂനെ ജില്ലയിലെ പുരന്ദറിലുള്ള 50കാരിക്കാണ് വൈറസ് ബാധിച്ചത്. ഇവര്‍ക്ക് ചിക്കന്‍ഗുനിയയുമുണ്ട്. ഇവരിപ്പോള്‍ രോഗമുക്തയായതായി സംസ്ഥാന ആരോഗ്യവകുപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ഇവര്‍ക്കും ഇവരുടെ കുടുംബാഗംങ്ങള്‍ക്കും രോഗലക്ഷണങ്ങളില്ല. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് ജൂലൈ ആദ്യം മുതല്‍ പുരന്ദര്‍ തഹസിലിലെ ബെല്‍സര്‍ ഗ്രാമത്തില്‍ നിരവധി പേര്‍ക്ക് പനി ബാധിച്ചിരുന്നു. ഇതില്‍ അഞ്ചുപേരുടെ സാംപിള്‍ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി (എന്‍ഐവി) യിലേക്ക് അയച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതില്‍ മൂന്നുപേര്‍ക്ക് ചിക്കന്‍ഗുനിയയുണ്ടെന്ന് കണ്ടെത്തി. അതിന് പിന്നാലെ ജൂലൈ 27നും 29നും ഇടയില്‍ എന്‍ഐവിയിലെ ഒരുസംഘം വിദഗ്ധര്‍ ബെല്‍സര്‍, പരിഞ്ചെ ഗ്രാമങ്ങള്‍ സന്ദര്‍ശിച്ച് 41 പേരുടെ രക്തസാംപിളുകള്‍ ശേഖരിച്ചു. ഇതില്‍ 25 പേര്‍ക്ക് ചിക്കന്‍ഗുനിയയും മൂന്നുപേര്‍ക്ക് ഡെങ്കിപ്പനിയും ഒരാള്‍ക്ക് സിക്ക വൈറസും സ്ഥിരീകരിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ ദ്രുതപ്രതികരണ സംഘം ഇന്നലെ ഈ പ്രദേശം സന്ദര്‍ശിക്കുകയും സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് പ്രദേശവാസികളോട് സംസാരിക്കുകയും ചെയ്തു.

ആരോഗ്യവകുപ്പ് ഗ്രാമത്തില്‍ വീടുകള്‍തോറും സര്‍വേ നടത്തും. ജനങ്ങള്‍ പരിഭ്രാന്തരാവരുതെന്ന് പൂനെ ജില്ലാ ഭരണകൂടം അഭ്യര്‍ഥിച്ചു. ഫീല്‍ഡിലെ ടീമുകളുടെ സജീവമായ പ്രവര്‍ത്തനം മൂലമാണ് കേസ് കണ്ടെത്തിയതെന്ന് പറയുന്നു. വ്യാപനം തടയാന്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്ന് ഭരണകൂടം പറഞ്ഞു. ഇതിന് മുമ്പ് ഈ വര്‍ഷം കേരളത്തില്‍ മാത്രമാണ് സിക്ക വൈറസ് ബാധ റിപോര്‍ട്ട് ചെയ്തിരുന്നത്. ദക്ഷിണേന്ത്യയില്‍ നിലവില്‍ 63 വൈറസ് കേസുകളുണ്ട്.

ഡെങ്കി, ചിക്കുന്‍ഗുനിയ എന്നീ രോഗവാഹകരായ ഈഡിസ് കൊതുകുകളാണ് സിക്കയും പരത്തുന്നത്. പനി, ശരീരവേദന, പേശികളുടെയും സന്ധികളുടെയും വേദന, അസ്വസ്ഥത അല്ലെങ്കില്‍ തലവേദന എന്നിവയാണ് സിക്ക വൈറസ് അണുബാധയുടെ ചില സാധാരണ ലക്ഷണങ്ങള്‍. ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് രോഗലക്ഷണങ്ങള്‍ സാധാരണയായി 27 ദിവസം നീണ്ടുനില്‍ക്കും.

Tags:    

Similar News